കൃത്യമായ ആസൂത്രണം :ടാർജറ്റ് കൃത്യം : തകർത്തടിച്ച ശേഷം ഇസ്രയേൽ വിമാനങ്ങൾ തിരികെ എത്തി : ഇറാനിൽ നടത്തിയ ആക്രമണം ഇങ്ങനെ

ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ശനിയാഴ്ച ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത് കൃത്യമായ പദ്ധതികളോടെ. നൂറോളം യുദ്ധവിമാനങ്ങളും മിസൈല്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.ഇറാൻ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് വ്യോമമാർഗമുള്ള ഇസ്രയേലിന്റെ ആക്രമണം. അതേസമയം ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നല്‍കാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അഞ്ചാം തലമുറ എഫ്-35 അഡിർ ഫൈറ്റർ ജെറ്റുകള്‍, എഫ്-15ഐ അറ്റാക്ക് ജെറ്റുകള്‍, എഫ്-16ഐ ഡിഫൻസ് ജെറ്റുകള്‍ എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 2000 കിലോമീറ്റർ പരിധിയില്‍ ഈ ജെറ്റുകളെ ഒരുക്കിനിർത്തി. നൂറ് ഫൈറ്റർ ജെറ്റുകള്‍ ഉപയോഗിച്ച്‌ മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയത്. ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ജെറ്റുകളെ 25-മുതല്‍ 30 വരെയുള്ള ഗ്രൂപ്പുകളാക്കി നിർത്തിയായിരുന്നു ആക്രമണ പദ്ധതി. 10 ജെറ്റുകളെ മിസൈല്‍ ആക്രമണം നടത്താനായി മാത്രം നിയോഗിച്ചു. സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. എണ്ണ സംഭരണികളേയും ആണവ കേന്ദ്രങ്ങളേയും ആക്രമിക്കാതിരിക്കാൻ ഇസ്രയേല്‍ അതീവ ജാഗ്രത പുലർത്തി. ആക്രമണം കൂടുതല്‍ രൂക്ഷമാകാതിരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടതെന്നാണ് റിപ്പോർട്ടുകള്‍. വ്യോമാക്രമണം പ്രതിരോധിച്ചെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് ഇറാൻറെ പ്രതികരണം. നേരത്തേ ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാൻ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഫോടനമുണ്ടായി. ടെഹ്റാൻ, ഇലം, ഖുഴെസ്തകാൻ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി. ഇറാനില്‍ പ്രത്യാക്രമണം നടത്താൻ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജൻസിന്റെ രഹസ്യരേഖകള്‍ ചോർന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തുവച്ച്‌ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനർവിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വച്ചും ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാൻ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.

Advertisements

Hot Topics

Related Articles