തിരുവനന്തപുരം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം തോട്ടിനരികെ ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. രണ്ടരമാസം മുൻപ് വിഴിഞ്ഞം സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ കൃഷ്ണൻ കുട്ടിയുടെ (60) അസ്ഥികൂടമാണെന്നാണ് നിഗമനം. പൊലീസും ഫോറൻസിക് ഉദ്യോസ്ഥരും സ്ഥലത്ത് നടത്തിയ പരിശോധനയിൽ തലയോട്ടി ഉൾപ്പെട്ട അസ്ഥികൂടം കണ്ടെത്തിയിരുന്നു. കൂടാതെ സ്ഥലത്ത് നിന്ന് പച്ചനിറത്തിലുള്ള ഷർട്ടും മുണ്ടും കണ്ടെത്തിയിട്ടുണ്ട്. ഈ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്സിൽ നിന്ന് കൃഷ്ണകുട്ടിയുടെ ആധാർ കാർഡ് പൊലീസ് കണ്ടെത്തി. ഇതുവഴിയാണ് അസ്ഥികൂടം കാണാതായ കൃഷ്ണൻ കുട്ടിയുടെതാണെന്ന് പ്രാഥമിക സ്ഥിരീകരണത്തിൽ പൊലീസ് എത്തിയതെന്ന് വിഴിഞ്ഞം എസ്ഐ എം പ്രശാന്ത് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മുന്നോടെയാണ് അസ്ഥികൂടം കണ്ടെത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് പുന്നക്കുളം തോടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടത്. തുടർന്ന് പുന്നക്കുളം വാർഡംഗം ശ്രീലതാ ദേവി എത്തുകയും വിഴിഞ്ഞം പൊലീസിൽ വിവരം നൽകുകയുമായിരുന്നു. തുടർന്നാണ് പൊലീസെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാടുകയറിയതും മനുഷ്യവാസമില്ലാത്തതുമായ സ്ഥലത്തുള്ള പ്ലാവിന്റെ താഴെയാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സമീപത്തെ പ്ലാവിൽ കൃഷ്ണൻ കുട്ടി തൂങ്ങിമരിച്ചതായിരിക്കാമെന്നും പൊലീസ് പറഞ്ഞു. പ്ലാവിന്റെ വലിയ ശിഖരത്തിൽ പ്ലാസ്റ്റിക് കയർ കെട്ടിയിരുന്നു. കയറുകൾപ്പെട്ട അവശിഷ്ടങ്ങൾ പൊലീസ് സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.