വന്ദേഭാരത് കടന്നു വന്ന ട്രാക്കിൽ വാഹനം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ട്രാക്കിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയ കർണ്ണാടക സ്വദേശി അറസ്റ്റിൽ

കാസർകോട് : തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ട്രെയിൻ വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വന്ദേഭാരത് ട്രെയിൻ വരുന്ന ട്രാക്കിൽ വാഹനം കയറിയതാണ് ആശങ്കയ്ക്കിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെയാണ് സംഭവം. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനം നടന്നുവരികയാണ്. വന്ദേഭാരത് ട്രെയിൻ കടന്നുവരുമ്‌ബോൾ റെയിൽവേ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന ലോറി കയറുകയായിരുന്നു. കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ ലോറിയാണ് ട്രാക്കിലേക്ക് കയറിയത്. ഉടൻതന്നെ ലോക്കോപൈലറ്റ് സഡൻ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

Advertisements

നവീകരണ പ്രവൃത്തി നടക്കുന്ന രണ്ടാം പ്‌ളാറ്റ്‌ഫോമിൽ നിന്ന് ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ലോറി. ഇതിനിടെയാണ് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് പാഞ്ഞടുത്തത്. സ്റ്റേഷൻ മാസ്റ്ററുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഡ്രൈവർ ലോറി ഓടിച്ച് പാളം കടത്താൻ ശ്രമിച്ചത്. പക്ഷേ ട്രാക്കിൽ കുടുങ്ങിനിന്നു. വാഹനം കണ്ട ലോക്കോപൈലറ്റ് സഡൻ ബ്രേക്കിട്ടു. ലോറിക്ക് അടുത്തെത്തിയാണ് വന്ദേഭാരത് നിന്നത്. ലോറി മാറ്റി ട്രെയിനിന് യാത്ര തുടരാൻ മിനിട്ടുകളെടുത്തു. മുന്നറിയിപ്പുണ്ടായിട്ടും ട്രാക്കിലേക്ക് വാഹനം ഓടിച്ചുകയറ്റിയതിന് കർണാടക സ്വദേശി കാശിനാഥിനെ (22) ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു.

Hot Topics

Related Articles