ന്യൂഡൽഹി: രാജ്യത്തെ 23 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത് ആശങ്കയ്ക്ക് വഴിവെച്ചു. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നീ നഗരങ്ങളിലെ ഹോട്ടലുകൾക്കാണ് ശനിയാഴ്ച ഇ-മെയിലിൽ ഭീഷണി സന്ദേശമെത്തിയത്. ഇവ വ്യാജ ബോംബ് ഭീഷണികളാണെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു. വ്യാജ ബോംബ് ഭീഷണി കാരണം വിമാന കമ്ബനികൾ പൊറുതി മുട്ടിയതിന് പിന്നാലെയാണ് ഹോട്ടലുകൾക്കും ഭീഷണി സന്ദേശം ലഭിച്ചത്.
കൊൽക്കത്ത നഗരത്തിലെ പത്ത് ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇവയിൽ ഭൂരിഭാഗവും സ്റ്റാർ ഹോട്ടലുകളായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കുന്നതിനിടെയാണ് സംഭവമെന്നത് ഇതിന്റെ ഗൗരവം വർധിപ്പിച്ചു. ഉടൻ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഹോട്ടലുകളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്കാണ് ഭീഷണി ലഭിച്ചത്. ഇവയും പിന്നീട് വ്യാജ ബോംബ് ഭീഷണികളാണെന്ന് തെളിഞ്ഞു. മയക്കുമരുന്നുമാഫിയയുടെ സൂത്രധാരനായ ജാഫർ സാദിഖ് എന്നയാളുടെ പേരിലാണ് സന്ദേശങ്ങളെത്തിയത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതികയുടേയും തമിഴ്നാട് ഡിജി.പി. ശങ്കർ ജിവാളിന്റേയും പേരുകളും ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നു.
ഗുജറാത്തിലെ രാജ്കോട്ടിലെ പത്ത് ഹോട്ടലുകൾക്കും ഭീഷണി സന്ദേശം ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:45-ഓടെയാണ് സന്ദേശം ലഭിച്ചത്. ഹോട്ടലുകൾ വിശദമായി പരിശോധിച്ചെന്നും ഒന്നും കണ്ടെത്താനായില്ലെന്നും രാജ്കോട്ട് ഡി.സി.പി. പറഞ്ഞു. എല്ലാ സന്ദേശങ്ങളും ഒരേ ഐ.ഡിയിൽനിന്നാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വിമാനങ്ങൾക്കുനേരെ 250 ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, ആകാശ, അലയൻസ് എയർ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്ബനികളുടെ 95 സർവീസുകൾക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്.
ആകാശയുടെ 25 വിമാനങ്ങൾ, എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയുടെ 20 വീതം വിമാനങ്ങൾ, സ്പൈസ് ജെറ്റ്, അലയൻസ് എയർ എന്നിവയുടെ അഞ്ച് വീതം വിമാനങ്ങൾ എന്നിവയ്ക്കു നേരെയാണ് ഭീഷണി ഉയർന്നത്. സുരക്ഷാ പരിശോധനകൾ നടത്തി വിമാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പത്ത് ദിവസങ്ങളായി വ്യോമയാനരംഗത്തെ ആശങ്കയിലാക്കിയും വിമാനക്കമ്ബനികളെ സാമ്ബത്തിക പ്രതിസന്ധിയിലാക്കിയും ഉയരുന്ന വ്യാജ ബോംബ് ഭീഷണികളെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടരുകയാണ്. വ്യാജ ഭീഷണി നടത്തുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു.