കൊച്ചി : സംസ്ഥാന സർക്കാർ ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കുന്ന ഒരു ഗഡു (3%) ക്ഷാമബത്തയുടെ കുടിശ്ശിക കൂടി അനുവദിക്കാൻ തയ്യാറാകണമെന്ന് എഫ് എസ് ഇ ടി ഒ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധത്താൽ ബുദ്ധിമുട്ടുമ്പോഴും ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു (3%) ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമ ആശ്വാസവും അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനം അഭിനന്ദനീയമാണ്. എന്നിരുന്നാലും 2021 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെയുള്ള ക്ഷാമബത്തയെ സംബന്ധിച്ച പരാമർശമൊന്നും സർക്കാർ ഉത്തരവിൽ ഇല്ല. മുൻകാലങ്ങളിൽപ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയോ പണമായി നൽകുകയോ ആണ് ചെയ്തിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അനുവദിച്ച രണ്ട് ശതമാനം ക്ഷാമബത്തയുടെ കുടിശ്ശികയും അനുവദിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന സന്ദർഭത്തിലും ജീവനക്കാരോടും അധ്യാപകരോടും പ്രതിബദ്ധത പുലർത്തി ക്ഷാമബത്ത അനുവദിച്ച സർക്കാർ, പ്രഖ്യാപിച്ചക്ഷാമബത്തയുടെ കുടിശ്ശിക കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രത്തിൽ പ്രകടനം നടത്തി. കളക്ട്രേറ്റിനു മുന്നിൽ നടന്ന പ്രകടനം കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ സംസാരിച്ചു.