കോട്ടയം : ഏറ്റുമാനൂർ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി വിഭാവനം ചെയ്ത ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. നവംബര്‍മാസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. നിര്‍മ്മാണോദ്ഘാടനത്തിന് മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയില്‍ ഏറ്റുമാനൂരില്‍ ആലോചനായോഗവും സംഘാടക സമിതി രൂപീകരണവും നടന്നു. ഏറ്റുമാനൂര്‍ നഗസഭയിലെയും, അതിരമ്പുഴ, കാണക്കാരി, മാഞ്ഞൂര്‍ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വാത പരിഹാരമായി വിഭാവനം ചെയ്ത ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിയ്ക്കായി കിഫ്ബി വഴി 92.22 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നാല് പാക്കേജുകളായാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 35 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം പദ്ധതി തടസ്സപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്റെ ഇടപെടലിലാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വഴി തെളിഞ്ഞത്.
അവശേഷിക്കുന്ന നാലു പാക്കേജുകള്‍ ഒറ്റപാക്കേജാക്കി 73.8 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. നവംബര്‍ ആദ്യപകുതിയില്‍ തന്നെ നിര്‍മ്മാണോദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.പൂവത്തുംമൂട്ടിലെ ജല അതോറിറ്റിയുടെ കിണറു തന്നെയാവും പദ്ധതിക്കായി ഉപയോഗിക്കുക. പൂവത്തൂംമൂട് പമ്പ് ഹൗസിന് സമീപം പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ റൂം നിര്‍മ്മിച്ച് ട്രാന്‍സ്‌ഫോര്‍മര്‍, പമ്പ് സെറ്റ് തുടങ്ങിയവ സ്ഥാപിക്കും. നേതാജി നഗറില്‍ 22 എം.എല്‍.ഡി. ശേഷിയുള്ള ജലശുദ്ധീകരണശാലയും 16 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയുമാണ് നിര്‍മിക്കുന്നത്. കച്ചേരിക്കുന്നില്‍ 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ളതും കട്ടച്ചിറയില്‍ അരലക്ഷം ലിറ്റര്‍ ശേഷിയുള്ളതുമായ ടാങ്കുകള്‍ നിര്‍മ്മിക്കും. പ്ലാന്റ് നിര്‍മാണം ഉള്‍പ്പെടെ പവര്‍ എന്‍ഹാന്‍സ്മെന്റ്, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍, റോഡ് പുനഃസ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ 73.8 കോടി രൂപ അനുവദിച്ചത്. ശുദ്ധീകരണശാലയില്‍ നിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുക. ടാങ്കുകളില്‍ നിന്ന് 43 കിലോമീറ്റര്‍ നീളത്തിലാണ് വിതരണ ശൃംഖല സ്ഥാപിക്കുക. ഏറ്റുമാനൂര്‍ നഗരസഭയിലും ഇതിനോടു ചേര്‍ന്നു കിടക്കുന്ന അതിരമ്പുഴ, കാണക്കാരി പഞ്ചായത്തിലെ സമീപവാര്‍ഡുകളിലും ഗാര്‍ഹിക കണക്ഷനിലൂടെ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, അതിരമ്പുഴ എന്നീ പഞ്ചായത്തുകളില്‍ കൂടുതല്‍ കാര്യക്ഷമമായി ശുദ്ധജല വിതരണം നടത്താനാകും. പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആലോചനാ യോഗവും നിര്‍മ്മാണോദ്ഘാടന പരിപാടിക്കായുള്ള സ്വാഗത സംഘരൂപീകരണവും നടന്നു. നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു ചെയര്‍മാനായും വാട്ടര്‍ അതോറിറ്റി എഇ ദിലീപ് ഗോപാല്‍ കണ്‍വീനറായുമാണ് സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്. ആലോചന യോഗത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, വൈസ് പ്രസിഡന്റ് എ എം ബിന്നു, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, മറ്റ് ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ രതീഷ കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സൂര്യ ശശിധരന്‍, സൂപ്പര്‍വൈസര്‍ വിനോദ്, മറ്റ് ഉദ്യോഗസ്ഥര്‍, ബാബു കെ ജോര്‍ജ്ജ്, കെ എന്‍ വേണുഗോപാല്‍, കെ എന്‍ രവി, തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.