ലഖ്നൗ: ഗാസിയാബാദ് ജില്ലാ കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ സംഘർഷം. ബാർ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അഭിഭാഷകരും ജഡ്ജിയും ഏറ്റുമുട്ടിയതോടെ ഗാസിയാബാദ് ജില്ലാ കോടതി സംഘർഷഭരിതമായി. സംഘർഷം രൂക്ഷമായതോടെ അഭിഭാഷകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ നിരവധി അഭിഭാഷകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
പൊലീസും അഭിഭാഷകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോടതി വളപ്പിൽ നിന്ന് അഭിഭാഷകരെ ഒഴിപ്പിക്കാൻ പൊലീസ് ലാത്തി ചാർജ്ജ് നടത്തുന്നത് ദൃശ്യങ്ങളിലുണ്ട്. സംഘർഷത്തിനിടെ കോടതി മുറിയിലെ കസേരകൾ വലിച്ചെറിയുന്നതും കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ജഡ്ജിയുമായി വാക്കുതർക്കം രൂക്ഷമായതോടെ നിരവധി അഭിഭാഷകർ ജഡ്ജിയുടെ ചേംബർ വളഞ്ഞു. തുടർന്ന് ജഡ്ജി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷം അഭിഭാഷകരെ സ്ഥലത്ത് നിന്ന് നീക്കുകയും ചെയ്തു.
പൊലീസ് ലാത്തി ചാർജിനെതിരെ രോഷാകുലരായ അഭിഭാഷകർ കോടതി പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് കോടതി സമുച്ചയത്തിലെ പൊലീസ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്തു. ജഡ്ജിക്കെതിരെയും അഭിഭാഷകർ മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് ബാർ അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ട്.