കോട്ടയം : നാലുവർഷ ബിരുദംവിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡോ. എസ് . അലീന പറഞ്ഞു.ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘വിദ്യാർത്ഥി ശക്തി’ സംസ്ഥാന ജാഥയ്ക്ക് തിരുനക്കര പഴയ ബസ്റ്റാൻറിന് മുന്നിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ജാഥാ ക്യാപ്റ്റൻ ഡോ.എസ്.അലീന. നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്ക് നവംബർ മുതൽ ഒന്നാം സെമസ്റ്റർ പരീക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല വിഷയങ്ങൾക്കും കൃത്യമായി സിലബസ് കിട്ടിയിട്ടില്ല. മാത്രമല്ല, മിക്ക വിഷയങ്ങളുടെയും പാഠഭാഗങ്ങൾ പൂർണതോതിൽ പഠിപ്പിച്ചു തീർക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പരീക്ഷാ ടൈം ടേബിൾ യൂണിവേഴ്സിറ്റികൾ പ്രഖ്യാപിച്ചിട്ടുള്ളത്. നാലു വർഷ ബിരുദം നടപ്പിലാക്കിയപ്പോൾ മുതൽ എല്ലാ സർവകലാശാലകളിലം ഭീമമായ ഫീസ് വർദ്ധനവും നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിൻ്റെ താത്പ്പര്യങ്ങളല്ല നാലു വർഷം ബിരുദത്തിനുള്ളത് എന്നതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ നാലു വർഷ ഡിഗ്രി നടപ്പിലാക്കിയ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ ദുരിതങ്ങൾ വിദ്യാർത്ഥികൾ അനുഭവിക്കുന്നുണ്ട്. – ഡോ. അലീന എസ് അഭിപ്രായപ്പെട്ടു. ചങ്ങനാശ്ശേരി കുരിശുമൂടിൽ നിന്നാരംഭിച്ച ‘വിദ്യാർത്ഥി ശക്തി ‘ സംസ്ഥാന ജാഥ ചിങ്ങവനം, നാട്ടകം കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുനക്കര പഴയ ബസ്റ്റാൻഡിനു മുൻവശം സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് രലേശ് ചന്ദ്രൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ സംസ്ഥാന സെക്രട്ടറി ആർ അപർണ, വൈസ് പ്രസിഡൻ്റ് കെ.റഹീം, ജാഥാ മാനേജർ ഗോവിന്ദ് ശശി, ജില്ലാ സെക്രട്ടറി എസ്.ആമി അനന്തഗോപാൽ എന്നിവർ സംസാരിച്ചു.ജാഥയോടൊപ്പം എഐഡിഎസ്ഒ നാടകസംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും , ഗായക സംഘമായ ‘സ്ട്രീറ്റ് ബാൻ്റി’ൻ്റെ അവതരണവും നടന്നു .