കോട്ടയം: പാത്രക്കച്ചവടത്തിന് എന്ന വ്യാജേനെ എത്തി വീട്ടിൽ തനിച്ചായിരുന്ന ബുദ്ധിവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയ്ക്ക് 15 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം വലിയ വിളാകം സ്വദേശി യഹിയാ ഖാനെ (41)യാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി മിനി എസ്.ദാസ് ശിക്ഷിച്ചത്. 2008 ജൂൺ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. 20 വയസ് പ്രായമുണ്ടായിരുന്ന അതിജീവിതയെ വീട്ടിൽ തനിച്ചാണെന്നു മനസിലാക്കിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പാത്രക്കച്ചവടത്തിന് എന്ന പേരിൽ എത്തിയ പ്രതി യുവതി വീട്ടിൽ തനിച്ചാണെന്നു മനസിലാക്കി വെള്ളം കുട്ടിക്കാനെന്ന വ്യാജേനെ വീടിനുള്ളിൽ കയറുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം നടത്തി.
തുടർന്ന് പാലാ സബ് ഇൻസ്പെക്ടറായിരുന്ന വി.കെ ജയപ്രകാശിന്റെ നേതൃത്വത്തിൽ അന്ന് തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പാലാ ഡിവൈഎസ്പി പി.ടി ജേക്കബാണ് കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. 2012 ൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. തുടർന്ന് ഷാർജയിൽ നിന്നും ഇന്റർ പോളിന്റെ സഹായത്തോടെ പാലാ ഡിവൈഎസ്പി കെ.സദന്റെ നേതൃത്വത്തിലുള്ള സംഘം 2024 മാർച്ചിൽ അറസ്റ്റ് ചെയ്തു. തുടർന്നാണ് കേസിൽ വിചാരണ നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, ഐപിസി 450 പ്രകാരം മൂന്നു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും, പട്ടിക ജാതി പട്ടിക വർഗ നിരോധന നിയമപ്രകാരം രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സണ്ണി ജോർജ് ചാത്തുകുളം, അഡ്വ.സിറിൾ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു എന്നിവർ കോടതിയിൽ ഹാജരായി.