ഡല്‍ഹി: ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് ഓഗസ്റ്റ് അഞ്ചിന് ആണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഹസീന ഇന്ത്യയില്‍ പറന്നിറങ്ങിയത്. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് അവര്‍ രാഷ്ട്രീയ അഭയം തേടുമെന്നും അങ്ങോട്ട് പോകുമെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പറന്നിറങ്ങിയ അവര്‍ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്കാണ് പോയത്.ന്യൂഡല്‍ഹിയില്‍ സുരക്ഷിതയായി എത്തിയ ഷേയ്ഖ് ഹസീനയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചത്? അവിടെ നിന്ന് അവര്‍ മുന്‍നിശ്ചയിച്ച പ്രകാരം ബ്രിട്ടനിലേക്ക് പോയോ? ഇന്ത്യയിലും ബംഗ്ലാദേശിലും ഒരുപോലെ ഈ ചോദ്യം ഉയര്‍ന്നിരുന്നുവെങ്കിലും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രക്ഷോഭകാലത്ത് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ബംഗ്ലാദേശിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിരുന്നു.ഷേയ്ഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസത്തിലേറെയായി ന്യൂഡല്‍ഹിയിലെ ലുതിയന്‍സ് ബംഗ്ലാവ് സോണിലാണ് ഷേയ്ഖ് ഹസീന കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സാധാരണയായി അനുവദിക്കുന്ന ബംഗ്ലാവാണ് ഹസീനക്ക് നല്‍കിയിരിക്കുന്നത്. അതിസുരക്ഷാ സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ട്.77കാരിയായ ഹസീന, ഇടയ്ക്ക് ലോധി ഗാര്‍ഡനില്‍ നടക്കാന്‍ പോകാറുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഷേയ്ഖ് ഹസീനയെ സംബന്ധിക്കുന്ന ഒരു വിവരങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ബംഗ്ലാദേശ് ഭരണാധികാരിയായിരിക്കുമ്ബോള് ഇന്ത്യയുമായി അടുത്ത ബന്ധവും സൗഹൃദവും അവര്‍ പുലര്‍ത്തിയിരുന്നു. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഹസീന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന ആരോപണവും ബംഗ്ലാദേശ് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.അതേസമയം, ഹസീനക്കെതിരെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്നാണ് ആരോപണം.