ലഡാക്ക്: കിഴക്കൻ ലഡാക്ക് നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്സാങ് മേഖലകളിൽ നിന്നാണ് ധാരണപ്രകാരം ഇരു രാജ്യങ്ങളുടെയും പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികൾ ഗ്രൗണ്ട് കമാൻഡർമാർ തീരുമാനിക്കുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളിൽ എത്തിയതായി കൊൽക്കത്തയിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരു നേതാക്കളും സുപ്രധാന ധാരണകളിൽ എത്തിയതിനാൽ ഭാവിയിൽ നമ്മുടെ ബന്ധം സുഗമമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് അയൽരാജ്യങ്ങൾ എന്ന നിലയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം, പരിഹരിക്കണം എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ ഇരുകൂട്ടരും താൽക്കാലികമായൊരുക്കിയ തമ്പുകളും നീക്കംചെയ്തു. പിന്മാറ്റം പൂർത്തിയായെന്ന് ഇരുരാജ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും. ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ യു.എസ് സ്വാഗതം ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.