തെലങ്കാന: മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭക്ഷ്യവിഷബാധയെച്ചൊല്ലി വ്യാപക പരാതികൾ ഉയർന്നതോടെയാണിത്. ഇന്നലെ ഹൈദരാബാദിൽ 33-കാരിയായ യുവതി ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ഇവർ കഴിച്ച മൊമോസിൽ നിന്നും മയോണൈസിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയുണ്ടായത് എന്ന് പരിശോധനയിൽ തെളിഞ്ഞു. ഹൈദരാബാദിലെ ഖൈരതാബാദ് സ്വദേശിനി രേഷ്മ ബീഗമാണ് മരിച്ചത്. ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലെ വഴിയോര തട്ടുകടയിൽ നിന്നാണ് ഇവർ മൊമോസും മയോണൈസും കഴിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നിന്ന് മൊമോസും മയോണൈസും കഴിച്ച ഇവരുടെ രണ്ട് മക്കളടക്കം 20 പേർ ആശുപത്രിയിലാണ്. തട്ടുകട നടത്തിയിരുന്ന യുപി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇയാൾ മൊമോസ് ഉണ്ടാക്കിയിരുന്നതെന്നും കണ്ടെത്തി. നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മയോണൈസ് നിർമാണം, വിൽപന, സൂക്ഷിച്ച് വയ്ക്കൽ, കയറ്റുമതി, ഇറക്കുമതി എന്നിവയെല്ലാം നിരോധിക്കുന്നതായി തെലങ്കാന ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന ഒന്നിലധികം സംഭവങ്ങളിൽ മുട്ടയിൽ നിന്ന് നിർമ്മിച്ച മയോന്നൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതായി സംശയിക്കുന്നതായി ഉത്തരവിൽ പറയുന്നു. സാൻഡ്‌വിച്ചുകൾ, ഷവർമ, അൽഫാം ചിക്കൻ തുടങ്ങിയ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന മുട്ട കൊണ്ടുള്ള മയോന്നൈസ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് സമീപകാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.