ക്രെയിനിൽതൂക്കി താഴത്തങ്ങാടിയുടെ ആകാശത്തേയ്ക്കുയർത്തിയ ബുള്ളറ്റ്; പ്രളയ ജലത്തിൽ ടിപ്പറോടിച്ച് നൂറുകണക്കിന് ആളുകളെ കരയ്‌ക്കെത്തിയ മനുഷ്യസ്‌നേഹി; സഹോദരിയെ പിന്നിലിരുത്തി ഒറ്റ സീറ്റ് ട്രയംഫിൽ കോളജിൽ ചെത്തിയ ഹീറോ; കോട്ടയത്തെ ബുള്ളറ്റോടിക്കാൻ ‘പഠിപ്പിച്ച്’ ജെവിൻസ് വിടവാങ്ങുമ്പോൾ കറങ്ങിത്തീരുന്നത് ഒരു കാലചക്രം

ജാഗ്രതാ സ്‌പെഷ്യൽ
കോട്ടയം ബ്യൂറോ

മീനച്ചിലാറ്റിൽ ചുണ്ടൻ വള്ളങ്ങൾ ആവേശത്തോടെ തുഴയെറിഞ്ഞു മിന്നിപ്പായുമ്പോൾ, താഴത്തങ്ങാടിയുടെ ആകാശത്ത് അത് ഒരു ബുള്ളറ്റ്. ക്രെയിനിൽ തൂക്കി ഉയർത്തിയ ബുള്ളറ്റിന്റെ പുറത്ത് ഒരു പേരുണ്ടായിരുന്നു – ജെവിൻസ്…! എന്നൊക്കെ കോട്ടയം ആവേശക്കോട്ടകെട്ടിയിട്ടുണ്ടോ അന്നൊക്കെ ആ കോട്ടയുടെ മുകളിൽ കൊടിപറപ്പിച്ച് ജെവിൻസ് എന്ന ജെവിൻ മാത്യുവുമുണ്ടായിരുന്നു. ഹിമാലയൻ യാത്രയ്ക്കുള്ള ബുള്ളറ്റ് തയ്യാറാക്കി ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ കോട്ടയം ജെവിൻസ് ബുള്ളറ്റ് ഉടമ ജെവിൻ മാത്യു (55) വിടവാങ്ങുന്നതോടെ കറങ്ങിത്തീരുന്നത് ഒരു കാലചക്രമാണ്.

Advertisements

ബുള്ളറ്റിന്റെ ഇരമ്പം
ജീവിതത്തിന്റെ താളം

എന്നാണ് ജെവിന്റെ ഒപ്പം ബുള്ളറ്റ് കൂടിയതെന്നു ചോദിച്ചാൽ, രക്തം തിളച്ചു തുടങ്ങിയ പ്രായത്തിലെന്നു സുഹൃത്തുക്കൾ പറയും. സി.എം.എസ് കോളേജിൽ ഒറ്റ സീറ്റ് ട്രയംഫിൽ എത്തി ആവേശം ചിതറിയിരുന്ന ജെവിൻസ് എന്ന ചെറുപ്പക്കാരനാണ് സുഹൃത്തായ ഹാപ്പി കുര്യന്റെ ഓർമ്മകളിൽ ആദ്യം നിറയുന്നത്. കോളേജിലും പുറത്തുമായി ജെവിൻസിനൊപ്പം വർഷങ്ങളുടെ പരിചയമുണ്ട് ഹാപ്പിയ്ക്ക്. ജെവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ട്രയംഫ്. കോളേജ് ക്യാമ്പസിനുള്ളിൽ അത്യപൂർവമായി വിദ്യാർത്ഥികൾ ബൈക്കിൽ എത്തിയിരുന്ന കാലത്ത് ട്രയംഫിൽ എത്തിയാണ് അന്ന് ജെവിൻ ഹീറോയിസം തീർത്തത്. ഒറ്റ സീറ്റുള്ള ബുള്ളറ്റിന്റെ പിന്നിൽ സഹോദരിയെ ഇരുത്തി, സാഹസികമായി ബാലസിൽ ബുള്ളറ്റോടിച്ച് വരുന്ന ജെവിന്റെ കാഴ്ച അന്ന് ഒരു അത്ഭുതമായിരുന്നു. ആ തീപ്പൊരി തന്നെയാണ് പിന്നീട് ഹിമാലയൻ റാലിയിലേയ്ക്കും ബൈക്കോടിച്ചു കയറ്റാൻ ജെവിൻസിന് പ്രേരണയായതെന്നു സൂഹൃത്തുക്കൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലൊടിഞ്ഞിട്ടും കൊലകൊമ്പനായി
കോട്ടയത്തു നിന്നും ഹിമാലയനിലേയ്ക്ക്

ബുള്ളറ്റുള്ളവരെല്ലാം മുന്നിൽ കൊടിയും വച്ച് ഹിമാലയത്തിലേയ്ക്കു ബൈക്കോടിക്കുന്ന ഇന്നത്തെക്കാലത്തിലേയ്ക്കു കോട്ടയത്തിനു വഴികാട്ടിയത് ജെവിൻസായിരുന്നു. 90 ൽ നടന്ന പോപ്പുലർ റാലിയിൽ പങ്കെടുത്താണ് ജെവിൻസ് റാലിയുടെ ആവേശത്തിരമാലയിലേയ്ക്കു വണ്ടിയോടിച്ചു കയറ്റിയത്. പിന്നീട്, ഹിമാലയൻ റാലിയിൽ പങ്കെടുത്ത് ജെവിൻസ് അപകടമുണ്ടായി, കാലൊടിഞ്ഞിട്ടും ഫിനിഷ് ചെയ്താണ് തന്റെ ആത്മവീര്യം പ്രകടമാക്കിയത്. ജെവിൻസിന്റെ പോപ്പുലർ റാലി, ഹിമാലയൻ യാത്രകളാണ് തനിക്ക് കൂടി ആവേശം പകർന്നതെന്നു സുഹൃത്തായ പ്രേം ഓർമ്മിച്ചെടുക്കുന്നു.

ചെന്നൈയിലും കേരളത്തിലും
ലോറിയിൽ രക്ഷയ്‌ക്കെത്തി

വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ കൊടുംപ്രളയമുണ്ടായപ്പോൾ നാട്ടിൽ നിന്നും ശേഖരിച്ച സാധനങ്ങളുമായി തന്റെ സ്വന്തം ലോറിയിലാണ് ജെവിൻസ് ചെന്നൈയിലേയ്ക്കു തിരിച്ചത്. ഇവിടെ അവശ്യവസ്തുക്കൾ അടക്കം വിതരണം ചെയ്ത് മലയാള നാടിന്റെ സ്‌നേഹം പങ്കുവയ്ക്കുകയായിരുന്നു ജെവിൻസ്. ഇത് കൂടാതെ 2018 ലെ പ്രളയ സമയത്ത് കേരളം മുഴുവൻ മുങ്ങി നിന്നപ്പോൾ സ്വന്തം ടിപ്പറുമായാണ് കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജെവിൻസ് രക്ഷയ്ക്ക് എത്തിയത്. സ്വന്തം ടിപ്പർ ലോറിയുമായി പ്രളയ ജലത്തിലേയ്ക്കു വണ്ടിയോടിച്ചു കയറ്റിയ ജെവിൻ നിരവധി ആളുകളെയാണ് ജീവിതത്തിലേയ്ക്കു കൈപിടിച്ചു കയറ്റിയത്.

പോസ്റ്ററെഴുതുന്ന വരയ്ക്കുന്ന ജെവിൻ
കോളേജ് കാലത്ത് സ്വന്തമായി പോസ്റ്ററെഴുതിയിരുന്ന ചുവരെഴുതിയിരുന്ന ജെവിൻ ഒരു കലാകാരൻ കൂടിയായിരുന്നു. സ്വന്തം സ്ഥാപനങ്ങൾക്ക് എല്ലാം സ്വന്തമായി ലോഗോ ഡിസൈൻ ചെയ്യുന്നതിനൊപ്പം, പരസ്യങ്ങൾക്ക് ഐഡിയ കണ്ടെത്തുന്നതും ജെവിൻ നേരിട്ടായിരുന്നു. ഈ ആവേശം തന്നെയാണ് ജെവിന്റെ ബിസിനസുകളുടെ പേര് വാനോളം ഉയർത്തിയതും. കോട്ടയം പട്ടണത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളിൽ വരെ പടർന്നു കിടക്കുന്ന വലിയ സൗഹൃദത്തിന്റെ ഉടമകൂടിയായിരുന്നു ജെവിൻസ്. കഞ്ഞിക്കുഴിയിൽ അകാലത്തിൽ പൊലിഞ്ഞ ഹാലുകുര്യന്റെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് ട്രസ്റ്റ് രൂപീകരിക്കുകയും, നിർധന വിദ്യാർത്ഥികൾക്കു പഠന സഹായം നൽകാൻ തയ്യാറെടുക്കുകയും ചെയ്തപ്പോൾ ഇവർക്കൊപ്പം മുന്നിൽ നിന്ന് ധൈര്യം പകർന്നത് ജെവിൻസായിരുന്നു.

സ്വന്തമായി ഡിസൈനും
അറ്റകുറ്റപണികളും

സ്വന്തമായി ബുള്ളറ്റ് ഡിസൈൻ ചെയ്യുന്നത് ജെവിന് ഒരു ആവേശമായിരുന്നു. പോപ്പുലർ റാലി, ഹിമാലയൻ ട്രിപ്പ് എന്നിവയിലെല്ലാം പങ്കെടുത്ത് ആവേശം നിറച്ച ജെവിൻ പോപ്പുലർ റാലിയിൽ ഒന്നിലേറെ തവണ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിട്ടുണ്ട്.
സ്വന്തമായി ബുള്ളറ്റുകൾ ഡിസൈൻ ചെയ്യുന്നതായിരുന്നു ജെവിന്റെ മറ്റൊരു ആവേശം. ഗോവയിൽ നടന്ന റൈഡർമാനിയയിൽ നാലോ അഞ്ചോ തവണ ബുള്ളറ്റ് ഡിസൈൻ ചെയ്ത് ജെവിൻ സമ്മാനം സ്വന്തമാക്കിയിട്ടുണ്ട്. രാമേശ്വരം ധനുഷ്‌കോടി ഹിമാലയൻ റൈഡുകൾ നടത്തി ആവേശത്തിൽ യുവാക്കളെ ബൈക്ക് റൈഡിംങിന്റെ ഭാഗമാക്കിയതും ജെവിനായിരുന്നു. കോട്ടയം നഗരത്തെ ബൈക്കോടിക്കാൻ പഠിപ്പിച്ച ജെവിൻ വിടവാങ്ങുമ്പോൾ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.