കോട്ടയം : ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന- പ്രാഥമിക കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പ്രഖ്യാപനം ശരണ വഴികളിലേക്ക് എത്തുന്ന തീര്‍ഥാടക ലക്ഷങ്ങളോടും ഹൈന്ദവ ജനതയോടുമുളള കടുത്തവഞ്ചനയാണെന്ന് എന്‍.ഹരി ആരോപിച്ചു. എരുമേലി മുതല്‍ സന്നിധാനം വരെ എല്ലാം തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ആര്‍ക്കും മനസിലാവും. മണ്ഡലകാലം പടിവാതിക്കല്‍ എത്തിനില്‍ക്കേ ഇത്തരത്തിലുളള തീര്‍ത്തും നിരുത്തവരവാദപരമായ അവകാശവാദം സര്‍ക്കാരിനും മന്ത്രി പദവിക്കും ചേര്‍ന്നതല്ല. മന്ത്രി നേരിട്ടു വിലയിരുത്തിയതാണോ അതോ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം അനുസരിച്ചാണോ ഇത്തരത്തിലുളള ഒരു വാര്‍ത്താ സമ്മേളനത്തിലെ അറിയിപ്പ് എന്ന് സംശയിക്കുന്നു. കാര്യങ്ങള്‍ പരിശോധിക്കാതെ കേട്ടു കേഴ് വിയുടെ അടിസ്ഥാനത്തില്‍ അവിശ്വാസിയായ പാര്‍ട്ടിസഖാവ് എന്ന നിലിയിലാണ് മന്ത്രിഇത് അവകാശപ്പെട്ടതെങ്കില്‍ ഒന്നു പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ ആശ്രയമായ പമ്പയിലും എരുമേലിയും കാഞ്ഞിരപ്പള്ളിയിലും ഉളള സര്‍ക്കാര്‍ ആശുപത്രികള്‍ ഇപ്പോഴും പ്രാഥമിക പരിശോധന മാത്രം സാധ്യമാക്കുന്ന ആശുപത്രികളാണെന്ന് നിരാശയോടെ പറയേണ്ടിവരും. തീവ്രപരിചരണം ലഭിക്കുന്നതിനും മെച്ചപ്പെട്ട ചികിത്സയ്ക്കും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന ആശുപത്രികള്‍ മാത്രമാണ് ഇവ. സന്നിധാനത്തു നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയേലക്ക് നൂറിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് അപകടഘട്ടത്തിലുളള തീര്‍ഥാടകനെ എത്തിക്കുമ്പോഴേക്കും നില മോശമാകാനുളള സാധ്യതയാണ് അധികവും. രോഗികളുടെ ജീവന്‍ പന്താടുന്ന തികഞ്ഞ തിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാര്‍ വര്‍ഷങ്ങളായി പിന്തുടരുന്നത്. കാര്‍ഡിയോളജി, ശസ്ത്രക്രിയ വിഭാഗങ്ങളെങ്കിലും അത്യാഹിത ചികിത്സയുടെ ഭാഗമായി ഇവിടെ ക്രമീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പമ്പയിലും എരുമേലിയിലും ഒന്നു വിശ്രമിക്കാന്‍ സാധിക്കുന്ന ഇടങ്ങള്‍ പോലീസ് സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. പമ്പയിലെ നടപ്പന്തല്‍ പൂര്‍ണമായി തന്നെ പോലീസ് കൈപ്പിടിയിലാണ്.പമ്പയില്‍ എവിടെ ഭക്തര്‍ ഒന്നു സ്വസ്ഥമായി നില്‍ക്കുമെന്ന് മന്ത്രിക്ക് പറയാനാവുമോ.മന്ത്രിയുടെ സ്വന്തം ജില്ലയായ കോട്ടയത്തെ സൗകര്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ പ്രസ്താവനയിലെ പൊള്ളത്തരം മനസിലാവും. പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഭക്തര്‍ക്ക് കുടിക്കാനും കുളിക്കാനുമുളള നല്ല ജല ലഭ്യതയില്ല. വൃത്തിയുളള ശുചിമുറികളില്ല. വിശുദ്ധ പാതയായി പ്രഖ്യാപിച്ച എരുമേലിയില്‍ സുരക്ഷിതമായ പേട്ടതുള്ളലിനു പോലും ഇപ്പോഴും കഴിയുന്നില്ല. കുഞ്ഞുങ്ങള്‍ അടക്കം അനവധി ഭക്തര്‍ പേട്ടകെട്ടുന്ന ഇവിടെ എല്ലാ വര്‍ഷവും അപകടങ്ങളും ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. ഇവിടം അപകടരഹിതമാക്കാന്‍ സമാന്തര പാതപണിതുവെങ്കിലും പൂര്‍ത്തിക്കരിക്കാനായിട്ടില്ല. ചില കച്ചവട ലോബിയുടെ സമ്മര്‍ദമാണ് ഇതിനു പിന്നില്‍.പാലാ- രാമപുരം, എരുമേലി- പൊന്‍കുന്നം പാതകള്‍ വഴിവിളക്ക് ഇല്ലാതെ ഇരുട്ടിലാണ്. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനിടമില്ല. വഴിയാധാരമാണ്. മഴയില്‍ നനഞ്ഞു വിറച്ച് ഒന്നു കയറി നില്‍ക്കാനിടമില്ലാതെ വലയുന്ന ഭക്തരെ കഴിഞ്ഞ വര്‍ഷം കണ്ടതാണ്. വഴിയോരത്ത് ഇരുന്ന ഭക്തരോട് പണം വാങ്ങിയ ആരോപണം പോലും ഉയര്‍ന്നിരുന്നു. രാസവസ്തു ചേര്‍ന്ന കുങ്കുമം വിതരണം ചെയ്യുന്നത് ഹൈക്കോടതി പോലും വിമര്‍ശിച്ചതാണ്. പക്ഷേ അതു പരിശോധിക്കാന്‍ സംവിധാനമില്ല.