മുംബൈ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ 24കാരി അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് യുവതി പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലെ ഉൽഹാസ്നഗറിൽ നിന്നാണ് ഫാത്തിമ ഖാൻ എന്ന യുവതി അറസ്റ്റിലായത്. ഐ.ടി ബിരുദധാരിയായ ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന. പ്രതി പിടിയിലായ വിവരം പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്.
ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ യോഗിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. മുംബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 ദിവസത്തിനകം പദവി രാജിവെച്ചില്ലെങ്കിൽ ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നാണ് ഭീഷണി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈ ട്രാഫിക് കൺട്രോൾ സെല്ലിനാണ് ഭീഷണി കോൾ ലഭിച്ചത്. അജ്ഞാത നമ്ബറിൽ നിന്നും ശനിയാഴ്ച വൈകീട്ടായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടങ്ങിയെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.പി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
അതേസമയം, മകൻ സീഷാൻ സിദ്ദീഖിയുടെ ഓഫീസിന് മുന്നിൽവെച്ചാണ് ബാബ സിദ്ദീഖി വെടിയേറ്റ് മരിച്ചത്. ദസ്റക്ക് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. ഒക്ടോബർ 12ാം തീയതിയായിരുന്നു വെടിവെപ്പ് നടന്നത്. കൊലപാതകം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ മുംബൈ ക്രൈംബ്രാഞ്ച് ബുദ്ധിമുട്ടുകയാണ്.