ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്കർ-ഇ-ത്വയിബ ഉന്നതകമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ബിസ്കറ്റ്. പാകിസ്താനിൽ നിന്നുള്ള ലഷ്കർ ഭീകരനായ ഉസ്മാനെ വധിക്കുന്നതിലാണ് ബിസ്കറ്റ് സുപ്രധാനമായ പങ്കുവഹിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സേന ശ്രീനഗറിലെ ഖാൻയറിൽ വെച്ച് ഉസ്മാനെ വധിച്ചത്.
മുതിർന്ന സൈനികോദ്യോഗസ്ഥരാണ് ദൗത്യത്തിൽ ബിസ്കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്. ഖാൻയറിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉസ്മാൻ എത്തിയതായി ഇന്റലിജൻസ് വിവരത്തിലൂടെയാണ് സുരക്ഷാസേന മനസിലാക്കുന്നത്. തുടർന്ന് തങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറച്ച് ദൗത്യം വിജയകരമായി നടപ്പാക്കാനായി ഒമ്ബത് മണിക്കൂർ നീണ്ട ആസൂത്രണമാണ് സേന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസൂത്രണത്തിന്റെ ഒരു ഘട്ടത്തിലാണ് പ്രദേശത്തെ തെരുവുനായ്ക്കൾ സൈന്യത്തിന് മുന്നിൽ ആശങ്കയായത്. ദൗത്യത്തിനിടെ തെരുവുനായ്ക്കൾ കുരച്ചാൽ അത് ഉസ്മാൻ ഉൾപ്പെടെയുള്ള ഭീകരർക്ക് സംശയം തോന്നാനിടയാക്കുമെന്നായിരുന്നു ആശങ്ക. ഈ പ്രശ്നം എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് വ്യത്യസ്തമായ ആശയത്തിലേക്ക് സൈന്യമെത്തിയത്.
ദൗത്യത്തിന് പോകുന്ന സേനാംഗങ്ങൾ ആയുധങ്ങൾക്കൊപ്പം ബിസ്കറ്റുകൾ കൂടി കൈവശം വെക്കാൻ തീരുമാനിച്ചു. ബിസ്കറ്റുമായി ഭീകരർ തമ്ബടിച്ച കേന്ദ്രത്തിന് സമീപമെത്തിയ സൈനികർ അത് തെരുവുനായ്ക്കൾക്ക് നൽകി. ഇതോടെ നായ്ക്കൾ നിശബ്ദരായി ബിസ്കറ്റ് കഴിക്കാൻ തുടങ്ങി. അങ്ങനെയാണ് സൈനികർ സുഗമമായി ഭീകരരുടെ കേന്ദ്രത്തിലേക്ക് കടന്നുകയറിയത്.
സൂര്യനുദിക്കും മുമ്ബ് അതിരാവിലെയാണ് സൈന്യം ദൗത്യം ആരംഭിച്ചത്. 30 വീടുകൾ സൈന്യം തങ്ങളുടെ വലയത്തിലാക്കി. തുടർന്നാണ് ആക്രമണം ആരംഭിച്ചത്. എ.കെ 47 തോക്ക്, ഗ്രനേഡുകൾ എന്നിവ ഉപയോഗിച്ച് ഉസ്മാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായി. എന്നാൽ അവയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇന്ത്യൻ സൈന്യം ഭീകരരെ വധിച്ചത്.