കോട്ടയം: ഒരൊറ്റ മഴയിൽ വെള്ളത്തിൽ മുങ്ങുന്ന എം.സി റോഡിലെ കോട്ടയം സ്റ്റാർ ജംഗ്ഷനിലെ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇടപെടലുമായി ജാഗ്രത ന്യൂസ്. ഇന്നലെ ജാഗ്രത ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് ദേശീയ പാതാ അതോറിറ്റിയെ ബന്ധപ്പെട്ടു. ഇതേ തുടർന്ന് ജാഗ്രത ന്യൂസ് ലൈവ് സംഘം ദേശീയ പാതാ അതോറിറ്റി അധികൃതരുമായി സംസാരിച്ചപ്പോഴാണ് വിഷയത്തിൽ കോട്ടയം വില്ലേജ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ ഗുരുതരമായ വീഴ്ച വ്യക്തമായത്. ഒരു വർഷം മുൻപ് സമാന രീതിയിൽ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ ദേശീയ പാതാ അതോറിറ്റിയിലെ മൂവാറ്റുപുഴ ഡിവിഷനിൽ നിന്നും എം.സി റോഡിന്റെ അതിർത്തി നിർണ്ണയിച്ച് നൽകണമെന്ന് അറിയിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ, വർഷം ഒ്്ന്നു കഴിഞ്ഞിട്ടും ഈ അതിർത്തി നിർണ്ണയിക്കുന്നതിനുള്ള നടപടികൾ കോട്ടയം വില്ലേജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. റോഡിന്റെ അതിർത്തി നിർണ്ണയിച്ചു നൽകിയെങ്കിൽ മാത്രമേ ഇവിടെയുള്ള ഓട വൃത്തിയാക്കി വെള്ളം ഒഴുക്കിവിടേണ്ട ചാലുകൾ കണ്ടെത്താൻ തങ്ങൾക്ക് സാധിക്കൂ എന്നാണ് ദേശീയ പാത അതോറിറ്റി അധികൃതർ പറയുന്നത്. കനത്ത മഴയുള്ള സമയങ്ങളിൽ മുട്ടറ്റം വെള്ളമാണ് റോഡിൽ കെട്ടി ന്ിൽക്കുന്നത്. ഇത്തരം സാഹചര്യത്തിൽ അടിയന്തരമായി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ജാഗ്രത ന്യൂസ് ലൈവ് സംഘം ദേശീയ പാതാ അതോറിറ്റി മൂവാറ്റുപുഴ ഡിവിഷൻ അധികൃതരെ ബന്ധപ്പെട്ടതും റോഡിലെ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയതും. സ്ഥിതി ഗുരുതമാണ് എന്ന് തിരിച്ചറിഞ്ഞ ദേശീയ പാതാ അതോറിറ്റി മൂവാറ്റുപുഴ ഡിവിഷൻ അസി.എക്‌സിക്യുട്ടീവ് എൻജിനീയർ എ.എസ് സുര വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നു അദ്ദേഹം ജാഗ്രത ന്യൂസ് ലൈവിന് ഉറപ്പ് നൽകി.