കോട്ടയം: പാലായിൽ കയ്യേറ്റം ഒഴിപ്പിച്ചെന്ന് അവകാശപ്പെട്ട് പടമെടുത്ത് പൊടിതട്ടി നഗരസഭ ചെയർമാൻ മടങ്ങി മണിക്കൂറുകൾക്കകം വഴിയോരക്കച്ചവടത്തിന് എതിരെ പ്രതിഷേധക്കച്ചവടവുമായി വ്യാപാരി. പാലാ നഗരത്തിൽ വ്യാപാരികൾക്ക് ഇന്ന് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് അനധികൃത വഴിയോര കച്ചവടങ്ങൾ ആണെന്ന വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഇപ്പോൾ വ്യാപാരി പ്രതിഷേധക്കച്ചവടവുമായി രംഗത്ത് എത്തിയത്. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്ന വൻ ലോബിയുടെ കൈയിലാണ് ഇന്ന് നഗരത്തിലെ നടപ്പാതകളുടെ നിയന്ത്രണം. പ്ലാസ്റ്റിക്ക് പാത്രങ്ങൾ, കസേരകൾ, കളിക്കോപ്പുകൾ, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, എൽഇഡി ബൾബുകൾ, പഴങ്ങൾ, പച്ചക്കറികൾ, ലഘുഭക്ഷണങ്ങൾ എന്നിങ്ങനെ വ്യാപാരികൾ വിപണനം ചെയ്യുന്ന ഒട്ടുമിക്ക വസ്തുക്കളും ഇത്തരക്കാർ ഫുട്പാത്തിലിട്ട് കുറഞ്ഞ വിലയിൽ വിൽക്കുമ്പോൾ അത് ബാധിക്കുന്നത് വലിയ തുക വാടക കൊടുത്ത്, സർക്കാരിനും നഗരസഭയ്ക്കും ടാക്സും, ലൈസൻസ് ഫീസും അടച്ച്, വൻ തുക മുതൽ മുടക്കി വ്യാപാരം നടത്തുന്ന സമൂഹത്തെയാണ്.
നഗരസഭയുടെ പ്രധാന വരുമാനം മാർഗ്ഗം തന്നെ വ്യാപാരികൾ നൽകുന്ന ലൈസൻസ് ഫീസും, പ്രൊഫഷണൽ ടാക്സും, വാണിജ്യ കെട്ടിടങ്ങളുടെ കെട്ടിട നികുതിയുമാണ്. നഗരസഭയുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഈ സമൂഹത്തോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ലാതെ അവരുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന രീതിയിൽ വഴിയോര കച്ചവടക്കാരോട് നഗരസഭ ഭരണകൂടം സ്വീകരിക്കുന്നത് വളരെ ഉദാരമായ നിലപാടാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം ചോറിൽ മണ്ണുവാരി ഇടുന്ന നിലപാടാണ് പാലാ നഗരസഭാ ഭരണകൂടത്തിന് ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭ അധികൃതരുടെയും സർക്കാരിന്റെയും നിഷേധാത്മക നിലപാടുകൾക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ഇന്ന് നഗരത്തിലെ യുവ വ്യാപാരി ബിജു മാത്യു രംഗത്തെത്തി. കൊട്ടാരമറ്റം ശാന്തോം കോംപ്ലക്സിൽ സെന്റ് ജൂഡ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹം തന്റെ സ്ഥാപനത്തിന് തൊട്ടുമുന്നിലെ നടപ്പാതയിൽ നടന്ന അനധികൃത വഴിയോര കച്ചവടത്തിനെതിരെയാണ് വ്യത്യസ്തമായി പ്രതികരിച്ചത്. സ്വന്തം കടയിൽ വില്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങൾ വഴിയോര കച്ചവടം നടന്നുവന്നിരുന്ന നടപ്പാതയിലേക്ക് ഇദ്ദേഹം ഇറക്കിവയ്ക്കുകയും വഴിയോര കച്ചവടക്കാരനെ പോലെ പുറത്തിരുന്ന് പ്രതിഷേധിക്കുകയും ആയിരുന്നു.