തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ സമ്ബൂർണമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായി 380 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേന്ദ്ര വിഹിതമായ 387 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് കേരളം സംസ്ഥാനത്തിന്റെ വിഹിതം അനുവദിച്ചത്. ഇതോടെ ആകെ കേന്ദ്ര-സംസ്ഥാന വിഹിതമായി 767 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു.
40,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 10853.98 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷനിൽ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനോടകം 55 ശതമാനത്തോളം കണക്ഷനുകളാണ് നൽകിയിട്ടുള്ളത്. ശേഷിക്കുന്നത് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. പദ്ധതി തുടങ്ങും മുൻപ് സംസ്ഥാനത്ത് 17 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40 ലക്ഷത്തോളം ആയിട്ടുള്ളതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ.