ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപൊര വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ബന്ദിപൊരയിലെ കെത്സുൺ വനപ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ടുമൂന്ന് ഭീകരർ കൂടി വനത്തിനുള്ളിൽ കുടുങ്ങിയിട്ടുള്ളതായും സൈന്യം ഇവരെ വളഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ബന്ദിപൊര വനമേഖലയിലെ സൈനികക്യാമ്ബിന് നേരെ വെള്ളിയാഴ്ച ഭീകരാക്രണം ഉണ്ടായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ തീവ്രവാദികൾ വനത്തിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. അതേസമയം, തീവ്രവാദികൾക്ക് ആശ്രയം നൽകുന്ന വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘സമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഇപ്പോഴും ഇവിടെയുണ്ട്. പാകിസ്താൻ എന്ത് വിചാരിക്കുന്നു എന്നത് നമ്മൾ വകവയ്ക്കുന്നില്ല. എന്നാൽ അവർ പറയുന്നതിനനുസരിച്ച് ഇന്ത്യയിൽ പ്രവർത്തുന്നവരെ കണ്ടെത്തുകയും ജനങ്ങൾക്കുമുന്നിൽ കൊണ്ടുവരേണ്ടതും അനിവാര്യമാണ്. അവരോട് ഒരു തരത്തിലുള്ള അനുകമ്ബയും കാണിക്കേണ്ടതില്ല,’ മനോജ് സിൻഹ പറഞ്ഞു.
‘നമ്മുടെ ഇടയിൽ നിന്നുകൊണ്ട് നാടിന്റെ സമാധാനം തകർക്കാൻ കൂട്ടുനിൽക്കുന്നവരെ കണ്ടെത്തേണ്ടതും ശിക്ഷ നൽകേണ്ടതും സർക്കാരിന്റെയും സൈന്യത്തിന്റെയും മാത്രം ഉത്തരവാദിത്തമല്ല. അത് ഈ നാട്ടിലെ ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ അത്തരക്കാരെ ഒരുവർഷത്തിനകം ഇവിടെനിന്ന് തുരത്താനാകും. നിരപരാധികളെ ഉപദ്രവിക്കരുത്, കുറ്റക്കാരെ വെറുതെ വിടുകയും അരുത് എന്നതാണ് എന്റെ നയം,’ മനോജ് സിൻഹ വ്യക്തമാക്കി.