കോട്ടയം : ഭാരതത്തിന്റെ കായിക രംഗത്തെ മൂല്യാധിഷ്ഠിതമായി വളർത്തി ലോകത്തിന്റെ നെറുകയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് വെറ്ററൻസ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ.വി എ എഫ് ഐ കേരളയുടെ 44-ാമത് സംസ്ഥാന മത്സരങ്ങൾ സംസ്ഥാന സംഘടനയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ വെറ്ററൻസ് അത്‌ലറ്റിക്ക് ഫെഡറേഷൻ 2024 നവംബർ 9, 10 (ശനി, ഞായർ) തീയതികളിൽ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.അത്ലറ്റിക്ക് ഫെഡറേഷനും വേൾഡ് അത്ലറ്റിക്‌സും അംഗീകരിച്ച എല്ലാ കായിക ഇനങ്ങളും ഈ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
30 വയസ്സു മുതൽ 100 വയസ്സുവരെയുള്ള ഏകദേശം 500 ദേശീയ അന്തർദേശീയ പുരുഷ, വനിത കായിക പ്രതിഭകൾ ഈ കായികമേളയിൽ കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ച് മാറ്റൊരുക്കുന്നു.പ്രസ്തുത മത്സരങ്ങളിൽ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന കായിക താരങ്ങളെ 2025 ഏപ്രിൽ മാസത്തിൽ നടക്കുന്ന 44-മത് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുന്നതാണ്.ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന കായിക താരങ്ങൾക്ക് ഏഷ്യൻ മീറ്റിലും വിവിധ ഇൻ്റർനാഷണൽ മീറ്റുകളിലും പങ്കെടുക്കാവുന്നതാണ്.വാഫി സംസ്ഥാന പ്രസിഡണ്ട് അഡ്വ.വി.ഗിരീശന്റെ അദ്ധ്യക്ഷതയിൽ 09.11.2024 തിയതി രാവിലെ 9ന് ചേരുന്ന ഉദ്ഘാടന സഭയിൽ 44-മത് സംസ്ഥാന ചാമ്പ്യൻഷിപ്പ് ബഹു. പാലാ എം.എൽ.എ. ശ്രീ. മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്യുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥിയായി ബഹു. പാലാ മുൻസിപ്പൽ ചെയർമാൻ ശ്രീ. ഷാജു വി തുരുത്തേൽ, ശ്രീ.ജോസ് കെ.മാണി എം.പി, വാഫി സംസ്ഥാന സെക്രട്ടറി ശ്രീ. അശോകൻ കുന്നുങ്ങൽ, പാലാ സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ്, പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീമതി ബിജി ജോജോ എന്നിവർ സംബന്ധിക്കുന്നതാണ്.10.11.2024 തിയതി വൈകുന്നേരം 4 മണിക്ക് വാഫി സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി. ഗിരീശന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന ചടങ്ങിൽ ബഹു, മന്ത്രി റോഷി ആഗസ്റ്റിൻ, മുത്തോളി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ടോബിൻ കെ അലക്സ്, പാലാ ഡി.വൈ.എസ്.പി. സദൻ കെ, ജനറൽ കൺവീനർ കെ.ജി.എ സ്.കുമാർ, അഡ്വ. എം.ബി.രഘുനാഥൻ നായർ എന്നിവർ സംബന്ധിക്കുന്നതുമാണ്.44-മത് സംസ്ഥാന ചാമ്പ്യൻഷിപ്പിൻ്റെ സമാപന ചടങ്ങിൽ സമ്മാനദാനം ബഹു. പാലാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സദൻ കെ നടത്തുന്നതാണ്.