കൊടുമൺ : നിർദിഷ്ട ശബരിമല വിമാനത്താവളത്തിനു പത്തനംതിട്ട ജില്ലയിൽ കൊടുമണിലുള്ള പ്ലാന്റേഷൻ കോർപറേഷന്റ സ്ഥലം കൂടി സാമൂഹിക ആഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നുള്ള ഹൈക്കോടതി വിധിയെ ശബരി സാംസ്കാരിക സമിതി (പത്തനംതിട്ട കൊടുമൺ ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി ) സ്വാഗതം ചെയ്തു. വഞ്ചിയൂർ Adv. പി. പരമേശ്വരൻ നായർ മുഖേന ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയാണു ചീഫ് – ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത് . വിമാനത്താവളത്തിനായി 2264.09 ഏക്കർ ഉൾപ്പെടെ എരുമേലി, സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനാണു സർക്കാർ വിജ്ഞാപനം പുറപ്പെ ടുവിച്ചിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചു പ്രതിഷേധം ഉയർന്നതിനെ തുടർന്നു പദ്ധതി സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുണ്ടായി.
ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ചു നിയമപ്ര ശ്നങ്ങളുമുണ്ടായി. നിർദിഷ്ട സ്ഥലത്തു പദ്ധതി നടപ്പാക്കിയാൽ 434 കുടുംബങ്ങളെ പൂർണമായും ബാധിക്കും. ഒട്ടേറെപ്പേരെ ഒഴിപ്പിക്കേണ്ടിവരും. വൻതുകയാണു സർക്കാരിനു ചെലവാക്കേണ്ടിവരുന്നത്. എന്നാൽ പകരം കൊടുമൺ എസ്റ്റേറ്റ് പരിഗണിച്ചാൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ല. 4 വശങ്ങളിലും പ്രധാന പാതകൾ, വന്യ ജീവി പ്രശ്നങ്ങളില്ല, പരിസ്ഥിതി പ്രശ്നങ്ങളില്ല, തമിഴ്നാടുമായി അടുത്ത സ്ഥലം, ശബരിമലയിലേക്ക് ദൂരക്കുറവ്, വനമേഖല അല്ലാത്ത പ്രദേശം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് ഇവിടെയുള്ളത്. കൊടുമൺ എസ്റ്റേറ്റിലെ ജലാശയങ്ങളും തണ്ണീർത്തടങ്ങളും നികത്തേണ്ടതില്ല. എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഏറ്റെടു ത്താൽ പ്രകൃതി സ്രോതസ്സുകളെയും പൊതുജനങ്ങളെയും ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്രയും അനുകൂലമായ സാഹചര്യങ്ങളുള്ള എസ്റ്റേറ്റിൽ തന്നെ ശബരി വിമാനത്താവളം സാധ്യമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ എ. വിജയൻ നായർ, അജികുമാർ രണ്ടാം കുറ്റി, ട്രഷറർ ആർ. പത്മകുമാർ , വൈസ് പ്രസിഡൻ്റ് ജോൺസൺ കുളത്തും കരോട്ട്, Adv. ബിജു വർഗീസ്, ജോയിൻ്റ് സെക്രട്ടറി വി..കെ. സ്റ്റാൻലി, ടി. തുളസീധരൻ, സച്ചു രാധാകൃഷ്ണൻ, സുരേഷ് കുഴിവേലി, രാജൻ സുലൈമാൻ, വിനോദ് വാസുക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.*