പുരപ്പുറ സൗരോര്‍ജ പദ്ധതി; ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കാം; ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം നടത്തി ആരോഗ്യമന്ത്രി വീണാജോര്‍ജ്

ഊര്‍ജ ഉത്പാദന – പ്രസരണ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കേരള സര്‍ക്കാര്‍ ഊര്‍ജ കേരള മിഷന്‍ മുഖേന നടപ്പാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകളില്‍ സൗരോര്‍ജത്തിലൂടെ കൂടുതല്‍ വൈദ്യുതി ഉപയോഗം എന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് മുഴുവന്‍ സമാന്തര ഊര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

Advertisements

സബ്‌സിഡിയോടുകൂടി സോളാര്‍ പാനല്‍ സ്ഥാപിച്ച് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സൗരോര്‍ജം ഉപയോഗപ്പെടുത്താം. ഇതിലൂടെ വൈദ്യുതി ചാര്‍ജ് അടയ്ക്കേണ്ടാത്ത ഒരു സാഹചര്യം സൃഷ്ടിക്കാന്‍ കഴിയും. ആറന്മുള നിയോജകമണ്ഡലത്തില്‍ കൂടുതല്‍ ഉപയോക്താക്കള്‍ ഇതിലേക്ക് വരുന്നുണ്ട്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കെഎസ്ഇബി നടത്തുന്നുണ്ട്. പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ പരമാവധി ആളുകള്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇലന്തൂര്‍ പഞ്ചായത്തിലെ പൂക്കോട് പുതുപറമ്പില്‍ പി.എന്‍. ശിവരാജിന്റെ വീട്ടിലാണ് ആദ്യ ഘട്ടത്തില്‍ സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം നടന്നത്. ആദ്യ ഘട്ടത്തില്‍ 4.8 കിലോവാട്ട് സോളാര്‍ നിലയം കമ്മീഷന്‍ ചെയ്തു കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ സോളാര്‍ നിലയത്തില്‍ നിന്ന് ഉപയോക്താവിന് പ്രതിമാസം 575 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.

വൈദ്യുതി ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത വിലയ്ക്ക് കെഎസ്ഇബിക്ക് നല്‍കാം.
2,47,064 രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച നിലയത്തിന് സബ്സിഡി തുകയായ 57,400 കുറച്ച് 1,89,664 രൂപയാണ് ഉപയോക്താവിന് അടയ്ക്കേണ്ടി വന്നത്. പദ്ധതി സ്ഥാപിക്കാനാവശ്യമായ ആകെ തുകയില്‍ മൂന്നു കിലോവാട്ട് വരെ 40 ശതമാനം സബ്സിഡിയും മൂന്നു മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനം സബ്സിഡിയും ലഭിക്കും. 2022 മാര്‍ച്ച് 31 നോടു കൂടി 35,000 ഉപയോക്താക്കളിലായി 100 മെഗാവാട്ട് കപ്പാസിറ്റിയാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

ആറന്മുള നിയോജക മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച മൂന്നു നിലയങ്ങള്‍ ഉള്‍പ്പടെ 27 നിലയങ്ങള്‍ ഇതിനകം പത്തനംതിട്ട സര്‍ക്കിള്‍ കീഴില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഗ്യാരന്റിയാണ് കമ്പനി നല്‍കുന്നത്. ഉപയോക്താവിന് മുടക്കു മുതല്‍ ഏകദേശം അഞ്ച്-ആറു വര്‍ഷം കൊണ്ട് തിരികെ ലഭിക്കും.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ജയന്‍, പഞ്ചായത്ത് അംഗം ഗീതാ സദാശിവന്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി. എന്‍. പ്രസാദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജുരാജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles