കോട്ടയം : മണ്ഡല കാലത്ത് എരുമേലിയിൽ തീർഥാടക വസ്തുക്കൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അവസാനിപ്പിക്കാൻ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് എൻ.ഹരി ആവശ്യപ്പെട്ടു. ഭക്തർ ആചാരത്തിൻ്റെ ഭാഗമായി അനുഷ്ഠാനം പോലെ വാങ്ങുന്ന പൂജാ സാധനങ്ങൾക്കും ഇതര ദ്രവ്യങ്ങൾക്കും കാലങ്ങളായി കൊള്ള വിലയാണ് ഈടാക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു.വ്യാപക പരാതിയെ തുടർന്ന് ‘ഇക്കുറി വില ഏകീകരണത്തിനായി ദേവസ്വം മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ല ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിൽ ഒരു വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
കച്ചവട സ്ഥാപനങ്ങൾക്കുള്ള ലേലം നേരത്തെ ഉയർന്ന തുകയ്ക്ക് നൽകിയതിനാൽ ഇനി ഏകീകരണം സാധ്യമല്ല എന്നുള്ള നിലപാടാണ് ജമാഅത്ത് പ്രസിഡൻറ് യോഗത്തിൽ സ്വീകരിച്ചത്. വില ഏകീകരിച്ചാൽ കച്ചവടക്കാർക്ക് നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞു യോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഇക്കാര്യത്തിൽ ജമാഅത്ത് പ്രസിഡൻ്റിൻ്റെ നിലപാട് തന്നെയാണോ ജമാഅത്തിനു ഉള്ളതെന്ന് അറിയാൻ താല്പര്യമുണ്ട്.അയ്യപ്പഭക്തർ അതിവിശിഷ്ടമായി കരുതുന്ന ചരട്, ശൂലം ഗദ എന്നിവയ്ക്ക് അമിത ലാഭവും കഴുത്തറപ്പൻ നിരക്കുമാണ് വ്യാപാരികൾ വർഷങ്ങളായി ഈടാക്കുന്നത്. പല ദ്രവ്യങ്ങൾക്കും 15 ഇരട്ടി വരെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരെ ചൂഷണം ചെയ്തു വാങ്ങുന്നത്. ഇത്തരത്തിലുള്ള ചൂഷണം അവസാനിപ്പിക്കുകയും അയ്യപ്പഭക്തർക്ക് കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമാക്കാൻ നടപടിയെടുക്കുകയും വേണം. എന്നാൽ അത്തരം നീക്കങ്ങളെ എല്ലാം പാടെ എതിർക്കുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ശബരിമല സീസൺ ചൂഷണരഹിതമാക്കാനും ഭക്തർക്ക് കുറഞ്ഞ നിരക്കിൽ പൂജാ വസ്തുക്കൾ ലഭ്യമാക്കാനും നടപടിയെടുക്കണം.ഇതിന് ദേവസം മന്ത്രി നേരിട്ട് ഇടപെടണം എരുമേലിയിലെ വില നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും നോക്കുകുത്തിയായി നിൽക്കുകയാണോ. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല.