കോട്ടയം: താഴത്തങ്ങാടിയിൽ മത്സരവള്ളംകളിയുടെ ഫൈനൽ മത്സരം നടക്കാതെ പോയതിൽ കടുത്ത തീരുമാനത്തിലേയ്ക്ക് ചാമ്പ്യൻസ് ബോട്ട് ലീഗ് കമ്മിറ്റി. ഒന്നാം ഹീറ്റ്സിൽ മികച്ച സമയത്തിൽ വള്ളം തുഴഞ്ഞെത്തിയിട്ടും ഫൈനലിൽ എത്താനാവാതെ പോയതിൽ പ്രതിഷേധിച്ച് അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ നയിക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളം മീനച്ചിലാറ്റിലെ ട്രോക്കിന് കുറുകെയിട്ട് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് വള്ളംകളിയുടെ ഫൈനൽ മുടങ്ങുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ ചാമ്പ്യൻസ് ലീഗ് മത്സര വള്ളംകളിയുടെ ഭാഗമായി താഴത്തങ്ങാടി മത്സര വള്ളംകളി നടന്നത്. മന്ത്രി മുഹമ്മദ് റിയാസാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് നടന്നതാണ് തർക്കങ്ങൾക്ക് തുടക്കമായത്. ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും, കുമരകം ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും പുന്നമട ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനുമാണ് മത്സരിച്ചത്. മറ്റ് രണ്ട് വള്ളങ്ങളെയും വള്ളപ്പാടുകൾ പിന്നിലാക്കിയാണ് ഹീറ്റ്സിൽ നടുഭാഗം വിജയിച്ചു കയറിയത്. ഒന്നാം ഹീറ്റ്സ് നടക്കുമ്പോൾ കനത്ത മഴയും കാറ്റുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മഴയിലും കാറ്റിലും വള്ളത്തിന് സ്വാഭാവിക വേഗം കൈവരിക്കാനായില്ലെന്ന് നടുഭാഗം തുഴഞ്ഞ കുമരകം ടൗൺബോട്ട് ക്ലബ് ഈ സമയം തന്നെ സിബിൽ കമ്മിറ്റിയെ അറിയിച്ചു. ഇതിന്റെ പേരിൽ തർക്കം ഉണ്ടാകുകയും വള്ളംകളി അൽപസമയത്തോളം നിർത്തി വയ്ക്കുകയും ചെയ്തു. എന്നാൽ, ഇതിന് ശേഷം മഴമാറി നിന്നപ്പോൾ രണ്ടും മൂന്നും ഹീറ്റ്സ് മത്സരങ്ങൾ നടത്തി. ഈ മത്സരങ്ങളുടെ ഫലം വന്നപ്പോൾ നടുഭാഗം ചുണ്ടനേക്കാൾ കുറഞ്ഞ സമയത്ത് മൂന്നു വള്ളങ്ങൾ ഹീറ്റ്സിൽ ഫിനിഷ് ചെയ്തിരുന്നു. ഇതോടെ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ഫൈനലിന് യോഗ്യത നേടാൻ സാധിച്ചില്ല.
ഇതോടെയാണ് അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചന്റെ നേതൃത്വത്തിൽ നടുഭാഗം ചുണ്ടൻ മീനച്ചിലാറിനു കുറുകെയിട്ട് കുമരകം ടൗൺ ബോട്ട് ക്ലബ് പ്രതിഷേധിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാകാതെയാണ് സിബിഎൽ കമ്മിറ്റി തീരുമാനം എടുത്തതെന്നായിരുന്നു ഇവരുടെ വാദം. ഇതേ തുടർന്നാണ് ഇവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഒരു മണിക്കൂറോളം ട്രാക്കിന് കുറുകെ വള്ളം കിടന്നതോടെ മത്സരങ്ങൾ തടസപ്പെട്ടു. ഇതോടെ മത്സരങ്ങൾ റദ്ദ് ചെയ്യുന്നതായി സിബിഎൽ കമ്മിറ്റി പ്രഖ്യാപിച്ചു. പിന്നാലെ മറ്റ് ചെറുവള്ളങ്ങളുടെ തുഴക്കാരും, ചുണ്ടൻവള്ളങ്ങളുടെ തുഴക്കാരും പ്രതിഷേധിച്ചു. ഇത് വലിയ സംഘർഷത്തിന് ഇടക്കായി.
ഇതിന് ശേഷം ചേർന്ന സിബിഎല്ലിന്റെയും താഴത്തങ്ങാടി വള്ളംകളി കമ്മിറ്റിയുടെയും യോഗം നാളെ അന്തിമ തീരുമാനം എടുക്കാൻ നിശ്ചയിച്ചു. സംഘർഷത്തിന് ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ച കുമരകം ടൗൺ ബോട്ട് ക്ലബിനെ സിബിഎല്ലിൽ നിന്നും ഇനി വിലക്കിയേക്കും. ഈ സാഹചര്യത്തിൽ നാളെ ചേരുന്ന സിബിഎൽ കമ്മിറ്റി അന്തിമ തീരുമാനം എടുക്കും.