കോട്ടയം: റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പട്ടാപ്പകൽ ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശിയായ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് പ്രതിയെ റെയിൽവേ പൊലീസ് സംഘം പിടികൂടിയത്. കൊല്ലം മാക്കത്തല സന്തോഷ് ഭവനിൽ സന്തോഷ്കുമാറിനെ (43)യാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഫോൺ കുത്തിയിട്ട ശേഷം വിശ്രമിക്കുകയായിരുന്നു പാലക്കാട് സ്വദേശിയായ യാത്രക്കാരൻ. ഈ സമയത്താണ് ഇദ്ദേഹത്തിന്റെ 80000 രൂപ വിലയുള്ള സാംസങ് ഫോൺ മോഷണം പോയത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്നു, റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം മോഷണം പോയ ഫോൺ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിന് ആർ പി എഫ് എസ് ഐ എൻ എസ് സന്തോഷ് , റെജി , അർ പി എഫ് ഓഫിസർമാരായ എസ്.ഐ നാഗബാബു, രാഹുൽമോൻ കെ.എസ്, സനൽ, വിനു, ഗോകുൽ എന്നിവർ നേതൃത്വം നൽകി. പ്രതിയ്ക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള ഒൻപതോളം കേസുകളുള്ളതായി പൊലീസ് അറിയിച്ചു. ശബരിമല സീസണായതിനാൽ തന്നെ ശക്തമായ പൊലീസ് സംവിധാനം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.