ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് എട്ട് വയസുകാരൻ മരിച്ചു. അഞ്ച് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം ഒരു സ്കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറുന്നതിന് മുമ്പാണ് രണ്ട് കുട്ടികളെ ഇടിച്ചിട്ടത്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരും മദ്യ ലഹരിയിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കാൺപൂരിലെ താകൂർ വിശംഭർ നാഥ് ഇന്റർ കോളേജിന് സമീപത്തായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. വാഹനത്തിൽ പിന്നീട് പരിശോധന നടത്തിയപ്പോൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തു. കാൺപൂർ ദേഹാതിലെ ഗുജൈനി ഗ്രാമവാസിയായ ആര്യൻ സചാൻ എന്ന എട്ട് വയസുകാരനാണ് മരിച്ചത്. ബൈസോയ ഗ്രാമത്തിൽ നിന്നുള്ള ഖുഷി എന്ന അഞ്ച് വയസുകാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂളിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് കാർ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചെന്നും ഒരു കുട്ടി ആശുപത്രിയിൽ വെച്ച് മരിച്ചതായും അസിസ്റ്റന്റ് കമ്മീഷണർ മഞ്ജയ് സിങ് പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. സംഭവത്തിന് ശേഷം സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധിച്ചു. ജെസിബി എത്തിച്ചാണ് സ്കൂൾ പരിസരത്തു നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.