ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. രോഗ ബാധിതനായ ഖമേനി വെന്റിലേറ്ററിലാണെന്നും കോമയിലാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 85കാരനായ ഖമേനിയ്ക്ക് വിഷബാധയേറ്റെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖമേനിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല.
ഖമേനിയുടെ രണ്ടാമത്തെ മകൻ മൊജ്താബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേൽക്കുമെന്നാണ് സ്ഥിരീകരിക്കാത്ത മറ്റൊരു റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ മൊസാദിന്റെ രഹസ്യ ഓപ്പറേഷനാണെന്നും പ്രചാരണമുണ്ട്. എന്നാൽ, ഖമേനി രോഗ ബാധിതനാണെന്നോ വിഷം കഴിച്ചെന്നോ ഉള്ള അവകാശവാദങ്ങൾക്ക് ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്‌ടോബർ 27-ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിൻ്റെ മകൻ പുതുതായി ചുമതലയേൽക്കുമെന്നും അവകാശപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അസുഖത്തെ തുടർന്ന് ഖമേനി കോമയിലാണെന്ന തരത്തിൽ കൂടുതൽ അവകാശവാദങ്ങൾ ഉയർന്നുവന്നത്.
ഒക്‌ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ വലിയ രീതിയിലുള്ള മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് ഇസ്രായേൽ നൽകിയ തിരിച്ചടിയ്ക്ക് ശേഷമാണ് ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഇറാന്റെ നിരവധി നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടിരുന്നു.