ശബരിമല : അയ്യപ്പഭക്തന്മാർക്കും വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുമായി സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയിട്ടുള്ള ഇവിടത്തെ ഡിസ്പെൻസറിയിൽ മല കയറുമ്പോൾ ഉണ്ടാകുന്ന കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന പനി, ചുമ, ജലദോഷം, വയർ സംബന്ധമായ അസുഖങ്ങൾ, കഫക്കെട്ട് തുടങ്ങിയവയ്ക്കെല്ലാം ചികിത്സാ സൗകര്യമുണ്ട്. ചികിത്സയും മരുന്നും പൂർണമായും സൗജന്യമാണെന്ന് ഡിസ്പെൻസറിയുടെ ചുമതലയുള്ള ചാർജ് മെഡിക്കൽ ഓഫീസർ ഡോ. എച്ച് കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലകാലത്ത് ഇതുവരെ 5,632 പേർ ഇവിടെ ചികിത്സ തേടി. ഒരു ദിവസം ശരാശരി 1,000 പേർക്ക് ചികിത്സ നൽകുന്നുണ്ട്. ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 ജീവനക്കാരുണ്ട്. 24 മണിക്കൂറും ഈ ഡിപെൻസറി പ്രവർത്തിക്കും. ശരീരത്തിൽ എണ്ണ തേച്ചുള്ള ഉഴിച്ചിൽ(അഭ്യഗം), കഫക്കെട്ടിന് ആവി പിടിക്കൽ, ഒടിവിനും ചതവിനുമുള്ള ബാൻഡേജ് തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യുന്നുണ്ട്.