വൈദ്യുതി നിരക്ക് വര്‍ധന: ജനദ്രോഹ നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം: തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: 2022 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക വൈദ്യുതി നിരക്ക് ഉള്‍പ്പെടെ കുത്തനെ വര്‍ധിപ്പിക്കാനുള്ള നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

Advertisements

ഇതിനിടെ അടിക്കടിയായുണ്ടാകുന്ന കൊവിഡ് മഹാമാരിയും അതേതുടര്‍ന്നുണ്ടാകുന്ന നിയന്ത്രണങ്ങളും ലക്ഷക്കണക്കിന് കുടംബങ്ങളെയാണ് കൊടിയ ദാരിദ്ര്യത്തിലാക്കിയിരിക്കുന്നത്. ഈ പ്രതിസന്ധിക്കിടെ കൂനിന്മേല്‍ കുരുവെന്ന പോലെ വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാനുള്ള ശേഷി സാധാരണ ജനങ്ങള്‍ക്കില്ല. വൈദ്യുതി നിരക്കിനൊപ്പം ഫിക്‌സഡ് ചാര്‍ജ് കൂടി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ജനവിരുദ്ധമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടുകള്‍ക്ക് 19.8 ശതമാനവും ചെറുകിട വ്യവസായങ്ങള്‍ക്ക് 21 ശതമാനവും വന്‍കിട വ്യവസായങ്ങള്‍ക്ക് 13 ശതമാനവും ഫിക്സഡ് ചാര്‍ജ് കൂട്ടാനാണ് നീക്കം. കൊവിഡ് വ്യാപനം മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് ചെറുകിട വ്യാപാര മേഖലയാണ്. അവരുടെ മേല്‍ ഫിക്‌സഡ് ചാര്‍ജുള്‍പ്പെടെയുള്ള നിരക്ക് വര്‍ധന സ്ഥാപനം അടച്ചുപൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. പ്രകൃതി ക്ഷോഭങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന കാര്‍ഷിക മേഖലയെ മറ്റൊരു ദുരന്തത്തിനിരയാക്കുന്ന തരത്തിലാണ് ഇവിടെ നിരക്കുവര്‍ധന അടിച്ചേല്‍പ്പിക്കുന്നത്. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് പ്രതിമാസം 10 രൂപയില്‍ നിന്ന് 25 രൂപയാക്കി ഫിക്‌സഡ് ചാര്‍ജും യൂണിറ്റിന് 2.80 ല്‍ നിന്ന് 3.30 ലേക്ക് നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ഈ മേഖലയുടെ നാശത്തിന് വഴിയൊരുക്കും.

കോടിക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശിഖ നല്‍കാനുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അത് തിരിച്ചുപിടിച്ച് ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം സാധാരണ ജനങ്ങളെ കൊള്ളയിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി ചാര്‍ജ് കുടിശ്ശിഖയിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടി രൂപയാണ്. ഇതില്‍ 1800 കോടിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കാനുള്ളതാണ്. ജല അതോറിറ്റി 1000 കോടിയോളം രൂപ അടയ്ക്കാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ളത് 1200 കോടിയാണ്. ജനജീവിതം ദുസ്സഹമാക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഈ ആവശ്യമുന്നയിച്ച് ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ മുന്നറിയിപ്പ് നല്‍കി.

Hot Topics

Related Articles