കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായി തൃശൂരിൽ ധ്യാനകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ യുവതിയുടെ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകൾ കൊരട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസാണ് അമ്മക്കെതിരെ കേസെടുത്തത്. കൗൺസിലിങിന് ശേഷം യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യയെ ആലപ്പാട് കുഴിത്തുറയിലെ വീട്ടിൽ നിന്ന് കാണാതായത്. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈനായി പഠിക്കുന്നയാളാണ് ഐശ്വര്യ. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ വ്യക്തമാക്കിയിരുന്നു. ഐശ്വര്യ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടറിൽ പോകുന്ന ചിത്രങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ധ്യാനകേന്ദ്രം അധികൃതരാണ് ഐശ്വര്യ സ്ഥാപനത്തിൽ ഉണ്ടെന്ന വിവരം കൈമാറിയത്. ഐശ്വര്യയുടെ കുടുംബവും കരുനാഗപ്പള്ളിയിൽ നിന്നുള്ള പൊലീസ് സംഘവും തൃശൂരിലേക്ക് പോയി മകളെ കൂടെ കൂട്ടുകയായിരുന്നു. പൊലീസിനാണ് യുവതി അമ്മയ്ക്ക് എതിരെ മൊഴി കൊടുത്തത്.