ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയ ആര്യൻ റെഡ്ഡി അമേരിക്കയിൽ ഹണ്ടിംഗ് ഗൺ ലൈസൻസ് നേടിയിരുന്നു. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ ആര്യൻ റെഡ്ഡിയ്ക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹം ഇന്ന് രാത്രിയോടെ തെലങ്കാനയിൽ എത്തിയ്ക്കും.
വിദ്യാർത്ഥികൾക്ക് അവിടെ ഹണ്ടിംഗ് ഗൺ ലൈസൻസ് നേടാനാകുമെന്ന് അറിയില്ലായിരുന്നുവെന്നും ഒരു രക്ഷിതാവും ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ആര്യൻ്റെ പിതാവ് സുദർശൻ റെഡ്ഡി പറഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിദേശത്ത് പഠിക്കാൻ അയയ്ക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, 2023-24 അധ്യയന വർഷത്തിൽ ചൈനയെ പിന്തള്ളി അമേരിക്കയിലെ സർവ്വകലാശാലകളിലേക്ക് വിദ്യാർത്ഥികളെ അയക്കുന്ന മുൻനിര രാജ്യമായി ഇന്ത്യ മാറിയെന്ന് ഹൈദരാബാദിലെ യുഎസ് കോൺസുലർ ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കയിലേയ്ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ 56 ശതമാനവും ആന്ധ്രാപ്രദേശ് (22%), തെലങ്കാന (34%) സംസ്ഥാനങ്ങളിൽ നിന്നാണെന്നും കോൺസുലർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.