ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയിൽ തട്ടിപ്പ് എന്നത് തെരഞ്ഞെടുപ്പിൻ്റെ ലക്ഷ്യമല്ലെന്ന അടിക്കുറിപ്പും ഉപയോക്താവ് നൽകിയിരുന്നു.
ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണിയപ്പോൾ കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണെന്ന് മസ്ക് പറഞ്ഞു. 18 ദിവസത്തിന് ശേഷവും കാലിഫോർണിയ വോട്ടെണ്ണൽ പ്രക്രിയയിലാണെന്ന് എടുത്തുകാണിക്കുന്ന മറ്റൊരു കമൻ്റിനോട് മസ്ക് പ്രതികരിക്കുകയും ചെയ്തു. ഇന്ത്യയിലെയും കാലിഫോർണിയയിലെയും വോട്ടെണ്ണലിന്റെ വേഗത താരതമ്യം ചെയ്തുകൊണ്ടുള്ള മസ്കിന്റെ പ്രതികരണം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കാലിഫോർണിയയിൽ ഇതാദ്യമായല്ല വോട്ടെണ്ണൽ പൂർത്തിയാകാൻ വൈകുന്നത്. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ്. നവംബർ 5 ന് നടന്ന തെരഞ്ഞെടുപ്പിൽ ഏകദേശം 16 ദശലക്ഷം വോട്ടർമാരുണ്ടായിരുന്ന കാലിഫോർണിയയിൽ ഇപ്പോഴും 300,000 വോട്ടുകൾ എണ്ണാൻ ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തൊട്ടാകെയുള്ള 570,000ത്തോളം വോട്ടുകൾ ഇതുവരെ എണ്ണിയിട്ടില്ലെന്നാണ് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ-ഇൻ വോട്ടിംഗിനെ വളരെയധികം ആശ്രയിക്കുന്നതാണ് ഈ കാലതാമസത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.