ഇസ്ലാമാബാദ്: മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജയില്‍മോചനത്തിനായി തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങിയതോടെ ഇസ്ലാമാബാദില്‍ സർക്കാർ സുരക്ഷാ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ഇമ്രാൻ അനുകൂലികള്‍ വമ്ബൻ റാലി പ്രഖ്യാപിച്ചതോടെയാണ് സർക്കാരിന്റെ നീക്കം.ഇസ്ലാമാബാദിലേക്കുള്ള പ്രധാന ഹൈവേകള്‍ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് അടച്ചു. കണ്ടെയ്നറുകള്‍ക്ക് മുകളിലെ തുണികളും മറ്റും രാത്രി ഇമ്രാൻ അനുകൂലികള്‍ തീവച്ച് നശിപ്പിച്ചു. 1,200ലേറെ പി.ടി.ഐ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലയിടങ്ങളിലും കണ്ണീർവാതകം അടക്കം പ്രയോഗിച്ചു. അതേ സമയം, പി.ടി.ഐ അംഗങ്ങള്‍ ബോധപൂർവ്വം സംഘർഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പലരും സ്വമേധയാ അറസ്റ്റിന് മുന്നോട്ടുവരികയാണെന്നും സർക്കാർ പ്രതികരിച്ചു. സുരക്ഷാ ശക്തമാക്കി. ആയിരക്കണക്കിന് പൊലീസ്, പാരാമിലിട്ടറി ഉദ്യോഗസ്ഥരെ അധികം വിന്യസിച്ചു. ഇസ്ലാമാബാദില്‍ കൂട്ടംചേരലുകള്‍ നിരോധിച്ചു. പ്രദേശത്തെ മൊബൈല്‍ ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു.ഇസ്ലാമാബാദിലെയും റാവല്‍പിണ്ടിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പാർലമെന്റ്, സർക്കാർ ഓഫീസുകള്‍, വിവിധ രാജ്യങ്ങളുടെ എംബസികള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണില്‍ പ്രതിഷേധം നടത്താനാണ് ഇമ്രാൻ അനുകൂലികളുടെ നീക്കം. പ്രതിഷേധങ്ങളെ പാക് ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയാണെന്ന് പി.ടി.ഐ ആരോപിച്ചു.അഴിമതികേസില്‍ അറസ്റ്റിലായ ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. ഇമ്രാനെതിരെയുള്ള ഭൂരിഭാഗം കേസുകളും മരവിപ്പിച്ചെങ്കിലും 2023 മേയിലെ കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ടുകള്‍ മുൻനിറുത്തി ജയിലില്‍ നിന്ന് മോചിപ്പിച്ചിട്ടില്ല. ഇമ്രാന്റെ ഭാര്യ ബുഷ്റയെ അടുത്തിടെ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.