മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമർശിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി (എംവിഎ) പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉദ്ധവ് താക്കറെയെ ‘പിശാചെ’ന്ന് വിളിച്ചുകൊണ്ടായിരുന്നു കങ്കണയുടെ കടന്നാക്രമണം.ഉദ്ധവ് താക്കറെയുടെ പരാജയം താൻ പ്രതീക്ഷിച്ചതാണെന്നും സ്ത്രീകളെ ആദരിക്കുന്നതിന്റേയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന്റേയും അടിസ്ഥാനത്തില്‍ ആരാണ് ദൈവമെന്നും ആരാണ് പിശാചെന്നും നമുക്ക് തിരിച്ചറിയാൻ കഴിയുമെന്നും കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീകളെ അനാദരിച്ചതിനാലാണ് ഈ വിധി അനുഭവിച്ചത്. സ്ത്രീകളെ അനാദരിക്കുന്നവർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല. അവർ എന്റെ വീട് തകർക്കുകയും എന്നെ അസഭ്യം പറയുകയും ചെയ്തു, കങ്കണ പറഞ്ഞു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മഹായുതി വലിയ വിജയമാണ് നേടിയത്. 288-ല്‍ 230 സീറ്റുകളും അവർ നേടി. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മഹാവികാസ് അഘാടിക്ക് 46 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കങ്കണയുടെ ബാന്ദ്രയിലെ ബംഗ്ലാവില്‍ നിയമവിരുദ്ധമായ നിർമാണം നടത്തിയെന്ന് ആരോപിച്ച് അവിഭക്ത ശിവസേനയുടെ നേതൃത്വത്തിലുള്ള ബൃഹൻമുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ കെട്ടിടം പൊപൊളിച്ചുമാറ്റിയിരുന്നു. ബിജെപിയുടെ മഹായുതി പാർട്ടിയുടെ വിജയത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച കങ്കണ, അദ്ദേഹം രാജ്യത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ജനിച്ചതെന്നും അജയ്യനാണെന്നും താൻ വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.