ബെയ്റൂത്ത്: ഇസ്രയേലിന് നേർക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കൻ ഇസ്രയേലിലെ അഷ്ദോദ് നാവികതാവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.ഏകദേശം 160 മിസൈലുകള്‍ ഇസ്രേയലിന് നേർക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ടെല്‍ അവീവിലെ ”സൈനിക ലക്ഷ്യ”ത്തിനു നേർക്ക് ഉയർന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും തൊടുത്തതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേർക്കും ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിയിരുന്നത്. 63 പേർക്കാണ് ഈ ആക്രമണങ്ങളില്‍ ജീവൻ നഷ്ടമായത്. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും കൊല്ലപ്പെട്ടിരുന്നു.ഹിസ്ബുള്ളയുടെ ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാൻ തയ്യാറായില്ല. ആക്രമണത്തില്‍ 11 പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.