മസ്കത്ത്: ടൂറിസ്റ്റ് വിസയില്‍ ഒമാനിലെ ബുറൈമിയില്‍ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശിനികളായ രണ്ട് യുവതികളെ കോട്ടയം ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടില്‍ എത്തിച്ചു.ഇടുക്കി പാമ്ബനാർ സ്വദേശിനിയായ സ്ത്രീ നടത്തുന്ന ഏജൻസി വഴി ലഭിച്ച വിസയിലാണ് ബുറൈമിയില്‍ എത്തുന്നത്. പറഞ്ഞ ജോലി നല്‍കാതെ റൂമില്‍ പൂട്ടിയിട്ട ഇവർക്ക് ദിവസം ഒരു നേരം മാത്രമായിരുന്നു ആഹാരം നല്‍കിയിരുന്നത്. പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ കയ്യിലുള്ള ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ ഫോണില്‍ നിന്നും വീട്ടില്‍ വിളിച്ചറിയിച്ചതോടെയാണ് ദുരിത കഥ പുറത്തറിയുന്നത്. നാട്ടിലെ സാമൂഹിക പ്രവർത്തകരും എരുമേലി ജമാഅത്ത് പ്രസിഡന്റും ചേർന്ന് കെ.എം.സി.സി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബുറൈമിയിലെ കെ.എം.സി.സി പ്രവർത്തകരുമായി ചേർന്ന് യുവതികളെ ഒമാനില്‍ എത്തിച്ച തമിഴ്നാട് സ്വദേശിനിയെ ബന്ധപ്പെടുകയും അവർക്ക് ചിലവായ തുക നല്‍കിയാണ് യുവതികളെ നാട്ടിലെത്തിച്ചത്. ഒരാള്‍ കോട്ടയം എരുമേലി സ്വദേശിനിയും മറ്റൊരാള്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ സ്വദേശിനിയും ആണ്. വീട്ടിലെ സാമ്ബത്തിക ബുദ്ധിമുട്ടും രോഗിയായ മക്കളുടെ ചികിത്സചിലവും കാരണം ജോലി തേടി ഒമാനില്‍ എത്തിയതായിരുന്നു ഇരുവരും. നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ പരാതിപെട്ടെങ്കിലും വിസ ഏർപ്പാടാക്കിയ സ്ത്രീക്കെതിരെ പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയാറാകാത്ത സാഹചര്യത്തില്‍ ആണ് മസ്‌കത്തിലെ കോട്ടയം ജില്ല കെ.എം.സി.സി ഭാരവാഹികളെ ബന്ധപ്പെടുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ കോട്ടയം ജില്ല കെ.എം.സി.സി കമ്മറ്റിക്കും പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് എരുമേലിക്കും പ്രത്യേകം നന്ദി അറിയിച്ചു. നാട്ടില്‍ എത്തിയ ഒരാള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടുതലായതിനാല്‍ ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പിന്നീട് കൗണ്‍സിലിങിന് വിധേയമാക്കുകയും ചെയ്തു.