ന്യൂഡല്‍ഹി: സമയം രാവിലെ 8.20. പുരാവസ്തു വകുപ്പിന്റെ നിയമസഭാ കമ്മിറ്റിക്കൊപ്പം ഡല്‍ഹിയില്‍ എത്തിയതായിരുന്നു മുൻ മന്ത്രി ആന്റണി രാജു.താമസം ഡല്‍ഹി കേരള ഹൗസിലെ 206-ാം നമ്ബർ മുറിയില്‍. രാവിലെ മുതല്‍ ആന്റണി രാജു ഫോണ്‍ എടുക്കുന്നില്ല. ഒരുമിച്ച് ചായ കുടിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനോട് രാത്രി പറഞ്ഞിരുന്നതാണ്. വാതില്‍ മുട്ടി വിളിച്ചിട്ടും മറുപടി ഇല്ല. സഹയാത്രികരായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എംഎല്‍എമാരായ എം വിൻസന്റ്, പി ഉബൈദുല്ല എന്നിവരും റൂമിന് മുന്നിലേക്ക് ഓടിയെത്തി. എന്ത് സംഭവിച്ചു എന്നായി ആശങ്ക. റൂമിനകത്തെ ലാൻഡ് ലൈനിലേക്ക് വിളിച്ചിട്ടും എടുക്കാതായതോടെ കേരള ഹൗസ് ജീവനക്കാർ വാതില്‍ പൊളിക്കാമെന്നായി. 15 വർഷം മുൻപ് സമാനമായ ഒരു സംഭവമുണ്ടായിട്ടുണ്ട്. അന്നത്തെ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസർ സമയം ഏറെ കഴിഞ്ഞിട്ടും റൂം തുറന്നില്ല. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോള്‍ ബാത്ത്റൂമിനുള്ളില്‍ വീണു കിടക്കുകയായിരുന്നു ഉദ്യോഗസ്ഥൻ.
ആന്റണി രാജുവിന്റെ കാര്യത്തില്‍ മന്ത്രിയും എംഎല്‍എമാരും പരിഭ്രാന്തിയിലായി. തൊട്ടടുത്ത റൂമില്‍ ഉണ്ടായിരുന്ന കെ രാധാകൃഷ്ണനും എത്തി. സമയം 8.45. വാതിലിന്റെ കുറ്റി തകർത്ത് എംഎല്‍എ മാർ അകത്തു കടന്നു. ബാത്ത്റൂമില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം. ബാത്‌റൂമിന്റെ വാതിലില്‍ വിൻസന്റ് എംഎല്‍എ മുട്ടി. പെട്ടെന്ന് ‘യേ….സ്‌സ്..!!’അകത്ത് നിന്ന് ആന്റണി രാജുവിന്റെ നീട്ടിയുള്ള മറുപടി. കേരള ഹൗസ് ജീവനക്കാർ ആണെന്നാണ് കരുതിയത്. പുറത്തെ പുകിലുകള്‍ ഒന്നും അറിയാതെ വിസ്തരിച്ചുള്ള കുളിയില്‍ ആയിരുന്നു ആന്റണി രാജു. എംഎല്‍എമാരെ കണ്ടതും അമ്ബരന്നു. റൂമില്‍ അതിക്രമിച്ച് കടന്നതിന് നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് തമാശ. പിന്നെ കൂട്ടച്ചിരിയായി. അങ്ങനെ അരമണിക്കൂർ നീണ്ട പരിഭ്രാന്തി തമാശയില്‍ അവസാനിച്ചു.