കടുത്തുരുത്തിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും ഭരണപരാജയവും: മോന്‍സ് ജോസഫ് എം.എല്‍.എ

കോട്ടയം : കടുത്തുരുത്തിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും ഭരണപരാജയവും മൂലമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. റോഡ് നന്നാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് നവംബര്‍ 28 ന് മുട്ടുചിറ – വാലാച്ചിറ റോഡില്‍ കേരളാ കോണ്‍ഗ്രസ് സമരം നടത്തുന്നു.കടുത്തുരുത്തി: സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും വികസന പദ്ധതികള്‍ കടുത്തുരുത്തി ഉള്‍പ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലും നടപ്പാക്കാന്‍ കഴിയാതെ കിടന്നുപോകുന്നത് സംസ്ഥാനത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അനാസ്ഥയും ഭരണപരാജയവും മൂലമാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വിട്ടുകൊടുത്ത കടുത്തുരുത്തിയിലെ വിവിധ റോഡുകള്‍ സമയത്ത് പൈപ്പ് സ്ഥാപിക്കാന്‍ കഴിയാതെ അനാസ്ഥ കാണിക്കുകയും തുടര്‍ന്ന് റോഡ് നന്നാക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കാതെ പ്രതിസന്ധിയിലാവുകയും ചെയ്ത വാട്ടര്‍ അതോറിറ്റിയും ജലവിഭവ വകുപ്പുമാണ് കടുത്തുരുത്തിയിലെ പൊതുമരാമത്ത് റോഡുകള്‍ നന്നാക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ ഇട്ടിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. സ്വന്തം വകുപ്പ് ഉണ്ടാക്കിവച്ച നാശംമൂലം കടുത്തുരുത്തിയിലെ ജനങ്ങൾ നാളുകളായി കഷ്ടപ്പെടുന്ന ദുരവസ്ഥ പരിഹരിക്കാന്‍ സ്വന്തം വകുപ്പില്‍ ഇടപെട്ട് ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിലെ കഴിവുകെട്ട നേതാക്കള്‍ സമരപ്രഹസനവുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് എം.എല്‍.എ. ഓര്‍മ്മിപ്പിച്ചു. സമരത്തിലൂടെ പുറത്തുവിടുന്ന തുപ്പല്‍ സ്വന്തം നഞ്ചത്തുതന്നെയാണ് വീഴുന്നതെന്ന് മാണി വിഭാഗം ഓര്‍ക്കുന്നത് നല്ലതാണ്. തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കടുത്തുരുത്തി – പിറവം റോഡില്‍ പൈപ്പിട്ട് തകര്‍ന്നശേഷവും വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് ഇതുവരെ റോഡ് കൈമാറിയിട്ടില്ല. മൂന്ന് വര്‍ഷം മുമ്പ് കടുത്തുരുത്തി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 3 കോടി രൂപ കടുത്തുരുത്തി – പിറവം റോഡിനുവേണ്ടി മാറ്റിവച്ചിട്ടുള്ളതാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി റോഡ് പുനരുദ്ധാരണത്തിന് അഡീഷണലായി അടക്കാനുള്ള തുകയില്‍ 70 ലക്ഷം രൂപ ജലവിഭവ വകുപ്പ് ഇതുവരെ അടക്കാത്തതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി – പിറവം റോഡിന്റെ റീടാറിംഗിന് അനുമതി നല്‍കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതായി മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാന്‍ വിട്ടുകൊടുത്ത കീഴൂര്‍ -അറുന്നൂറ്റിമംഗലം – ഞീഴൂര്‍ റോഡിലും അറുന്നൂറ്റിമംഗലം ജംഗ്ഷനിലും പൈപ്പിന്റെ ജോലി ഒരുവര്‍ഷം മുമ്പ് തീര്‍ന്നതാണെങ്കിലും റോഡ് നന്നാക്കാനുള്ള മുഴുവന്‍ തുകയും വാട്ടര്‍ അതോറിറ്റി അടയ്ക്കാതെ ഇവിടെയും പ്രതിസന്ധിയുണ്ടാക്കി. 3 വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കടുത്തുരുത്തി മണ്ഡലത്തില്‍ അനുവദിച്ച തുകയും വാട്ടര്‍ അതോറിറ്റി ലഭ്യമാക്കിയ തുകയും ചേര്‍ത്ത് കീഴൂര്‍ – ഞീഴൂര്‍ റോഡ് 4 പ്രാവശ്യം ടെണ്ടര്‍ ചെയ്‌തെങ്കിലും തുകയുടെ അപര്യാപ്തത മൂലം ആരും പ്രവര്‍ത്തി ഏറ്റെടുക്കാന്‍ തയ്യാറായില്ല. അവസാനത്തെ ടെണ്ടറിനെ തുടര്‍ന്ന് കീഴൂര്‍ – ഞീഴൂര്‍ റോഡിന്റെ റീടാറിംഗ് നടപ്പാക്കാന്‍ ആവശ്യമായ അഡീഷണല്‍ തുക പൊതുമരാമത്ത് വകുപ്പോ ജലവിഭവ വകുപ്പോ അടയ്ക്കാന്‍ തയ്യാറാകണം. രണ്ട് മന്ത്രിമാരോടും മാറിമാറി അറിയിച്ചിട്ടും നാളിതുവരെ യാതൊരു പരിഹാര നടപടിയും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. എല്‍.ഡി.എഫ്. സര്‍ക്കാരിലെ രണ്ട് വകുപ്പുകളും കാണിക്കുന്ന ഗുരുതരമായ അനാസ്ഥ മൂലമാണ് കടുത്തുരുത്തിയിലെ പ്രധാനപ്പെട്ട പൈപ്പ് ഇട്ടശേഷം റോഡുകള്‍ റീടാറിംഗ് നടത്താന്‍ കഴിയാതെ കിടക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി. കടുത്തുരുത്തി – വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 117 കോടി രൂപ മൂന്നുവര്‍ഷം മുമ്പ് അനുവദിച്ച് വളരെ വലിയ പ്രതീക്ഷയോടെ തുടക്കം കുറിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടുവന്ന് നിര്‍മ്മാണോദ്ഘാടനം നടത്തുകയും ചെയ്ത മുട്ടുചിറ – എഴുമാന്തുരുത്ത് – വെള്ളൂര്‍ – മുളക്കുളം റോഡിന്റെ നിര്‍മ്മാണം ചുരുങ്ങിയ സമയംകൊണ്ട് മുടങ്ങിപ്പോയത് പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനിയ്ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ ഫണ്ട് കൊടുക്കാതെ വന്നതുകൊണ്ടാണെന്ന് എം.എല്‍.എ. കുറ്റപ്പെടുത്തി. ജനങ്ങളുടെ കഷ്ടപ്പാട് കണക്കിലെടുത്ത് കരാറുകാരെ സഹകരിപ്പിച്ചുകൊണ്ട് വാലാച്ചിറ മുതല്‍ ആയാംകുടി സ്‌കൂള്‍ ജംഗ്ഷന്‍ വരെ ടാറിംഗ് നടപ്പാക്കാന്‍ കഴിഞ്ഞപ്പോഴാണ് മലപ്പുറം പള്ളിത്താഴെ ഭാഗത്ത് ഒരുവിഭാഗം രാഷ്ട്രീയ നേതാക്കള്‍ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവച്ചുകൊണ്ട് കമ്പനി സ്ഥലംവിട്ടു. സമയത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ് മുട്ടുചിറ – വാലാച്ചിറ റീച്ച് ആദ്യഘട്ടത്തില്‍ ടാറിംഗ് നടത്താന്‍ കഴിയാതെ വന്നത്. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ജലവിഭവ വകുപ്പിന്റെ അനാസ്ഥമൂലം മുടങ്ങിപ്പോയ റോഡ് ഭാഗം നന്നാക്കുന്നതിന് സ്വന്തം പാര്‍ട്ടിക്കാര്‍ സമരവുമായി വന്നത് തികച്ചും അപഹാസ്യമായ നടപടിയാണ്. ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ജോസ് വിഭാഗത്തിന്റെ ഇത്തരം കള്ളപ്രചാരവേലകള്‍ കടുത്തുരുത്തിയുടെ മണ്ണില്‍ വിലപ്പോകില്ലെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. മുട്ടുചിറ – വാലാച്ചിറ – ആയാംകുടി – എഴുമാന്തുരുത്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് മോന്‍സ് ജോസഫ് എം.എല്‍.എ. ഇടപെട്ട് ഫണ്ട് അനുവദിച്ചതിനെ തുടര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണക്കിലെടുത്ത് റോഡ് നിര്‍മ്മാണം അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നവംബര്‍ 28 ന് വൈകുന്നേരം 4 മണിയ്ക്ക് സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ മുട്ടുചിറ – കല്ലറ റോഡ് ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തുന്നതിന് യോഗം തീരുമാനിച്ചു. തുടര്‍ന്ന് കടുത്തുരുത്തി – പിറവം റോഡിലും കുറവിലങ്ങാട് ഷഷ്ഠിപൂര്‍ത്തി റോഡിലും കേരളാ കോണ്‍ഗ്രസ് ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍മോഹന്‍കുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോണി കണിവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി നേതാക്കളായ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സ്റ്റീഫന്‍ പാറാവേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പന, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, സെബാസ്റ്റ്യന്‍ കോച്ചേരി, ജോസ്‌മോന്‍ മാളേക്കല്‍, ജേക്കബ് ഓമല്ലൂക്കാരന്‍, ലൈസാമ്മ മുല്ലക്കര, വിജയമ്മ ഗോപീദാസ്, സണ്ണി പുലിയിരിക്കുംതടം, കെ.കെ. ചാക്കോ പനങ്കാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.