ഉന്നത വിദ്യാഭ്യാസ മേഖല: കേന്ദ്ര നയത്തിന് കുടപിടിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം : തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രാപ്യമല്ലാത്ത വിധം ഉന്നത വിദ്യാഭ്യാസ രംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് കുടപിടിക്കുന്ന ഇടതു സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പിന്‍വാതിലിലൂടെ ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേരളവും ശ്രമിക്കുന്നത്. നാലുവര്‍ഷ ഡിഗ്രിയുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷക്കൊപ്പം ഭീമമായ ഫീസ് വര്‍ധനവ് കൂടി വന്നത് വിദ്യാര്‍ഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്ക്കരിക്കുന്നതിന് പാകപ്പെടുത്തുന്ന രീതിയിലാണ് നാലു വര്‍ഷ ബിരുദം രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത് എന്ന സൂചനയാണ് ഈ ഫീസ് വര്‍ധനവ് നല്‍കുന്നത്. നാലു വര്‍ഷ ബിരുദം പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ നടപ്പിലാക്കിയ കാര്യവട്ടം കാംപസില്‍ ഓരോ സെമസ്റ്ററിലും ശാസ്ത്ര വിഷയങ്ങള്‍ക്ക് 12500 രൂപയും ശാസ്‌ത്രേതര വിഷയങ്ങള്‍ക്ക് 7500 രൂപയും ട്യൂഷന്‍ ഫീസായി നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിക്കുന്നത്. പരീക്ഷാ ഫീസിലും പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഫീസിലും മത്സരിച്ച് തുക വര്‍ധിപ്പിച്ചിരിക്കുകയാണ് വിവിധ സര്‍വകലാശാലകള്‍. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് ഓരോ വിദ്യാര്‍ത്ഥിയും 1375 രൂപ മുതല്‍ 1575 രൂപ വരെ പരീക്ഷാ ഫീസിനത്തില്‍ നല്‍കേണ്ടി വരും. സാമ്പത്തികമായോ സാമൂഹികമായോ പിന്നില്‍ നില്‍ക്കുന്ന ഒരു വിദ്യാര്‍ഥിക്ക് പോലും വിദ്യാഭ്യാസം നഷ്ടമാകരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ, സാര്‍വത്രിക, ശാസ്ത്രീയ വിദ്യാഭ്യാസം എന്ന സങ്കല്പം ആധുനിക സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരുന്നത്. വിദ്യാഭ്യാസത്തിന്റെ ഈ അടിസ്ഥാന സങ്കല്പത്തിന്മേല്‍ കത്തിവെയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ സമീപനം വെച്ചുപുലര്‍ത്തുന്നത് ഖേദകരമാണ്. ദേശീയ വിദ്യാഭ്യാസ നയവും ശ്യാം ബി മേനോന്‍ ശുപാര്‍ശകളും കേരളത്തില്‍ നടപ്പിലാക്കുന്നത് വഴി സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍ നിന്നുതന്നെ പുറന്തള്ളപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുകയും സാമ്പത്തിക ശേഷിയുള്ളവര്‍ക്കു മാത്രമായി മാറുകയും ചെയ്യും. ഇ-ഗ്രാന്റ്‌സ് കൃത്യസമയത്ത് ലഭിക്കാത്തതു മൂലം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നൂറില്‍പരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് കൊഴിഞ്ഞു പോയത്. ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങി സ്വകാര്യ കുത്തകകളുടെ വാണിജ്യ മേഖലയായി മാറ്റാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി കൂടി കണക്കിലെടുത്ത് വിദ്യാഭ്യാസ മേഖലയിലെ വികലമായ പരിഷ്‌കാരങ്ങളില്‍ നിന്നു പിന്തിരിയാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.