ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഏറ്റവും കൂടിയ തുകയുടെ അഴിമതിക്കേസിലും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. 139 കോടിയുടെ അഴിമതിക്കേസിലാണ് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പറഞ്ഞത്. നേരത്തെ നാല് കേസിലും തടവ് ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ വിധി ഈ മാസം 18ന് പ്രഖ്യാപിക്കും.
ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ലാലു യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണു മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1992-93 കാലഘട്ടത്തായിരുന്നു തട്ടിപ്പ് നടന്നത്. ലാലുവിനു പുറമേ ആര്.കെ.റാണ, വിദ്യാസാഗര്‍ നിഷ, ധ്രുവ് ഭഗത്, മുന്‍ ചീഫ് സെക്രട്ടറി സജല്‍ ചക്രബോര്‍തി, ഐഎഎസ് ഉദ്യോഗസ്ഥരായ ഫൂല് ചന്ദ് സിങ്, മഹേഷ് പ്രസാദ് എന്നിവരും കുറ്റക്കാരെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ 56 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 6 പേരെ വെറുതെ വിട്ടു.