നാലു മാസം മുൻപ് മോഷണം പോയ സ്‌കൂട്ടർ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംങ് ഏരിയയിൽ; മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ‘സൈലൻസിൽ’ കണ്ടെത്തിയ സ്‌കൂട്ടർ തിരികെ ഉടമയിലേയ്ക്ക്; സൈലന്റായി കള്ളൻ പൊക്കിയ വാഹനം സൈലന്റായി തിരികെ ലഭിച്ചു

റെയിൽവേ സ്‌റ്റേഷനിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: നാലു മാസം മുൻപ് കൊല്ലത്തു നിന്നും മോഷണം പോയ സ്‌കൂട്ടർ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരികെ ലഭിച്ചു. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ പാർക്കിംങ് ഏരിയയിൽ നിന്നും കൊല്ലം സ്വദേശിയുടെ സ്‌കൂട്ടർ കണ്ടെത്തിയത്. പൊടിപിടിച്ച് അലങ്കോലമായിരുന്ന സ്‌കൂട്ടർ ഉടമയ്ക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Advertisements

നാലു മാസം മുൻപാണ് കൊല്ലം സ്വദേശിയായ ചിഞ്ചുവിന്റെ സ്‌കൂട്ടർ മോഷണം പോയത്. തുടർന്നു ഇവർ സ്‌കൂട്ടർ മോഷണം പോയതായി കാട്ടി പരാതിയും നൽകിയിരുന്നു. ഇതിനിടെ ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരായ എം.വി.ഐ ജയപ്രകാശും, എ.എം.വി.ഐ അജയകുമാറും ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംങ് ഏരിയയിൽ പരിശോധനയ്ക്കായി എത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങളെ കണ്ടെത്തുന്നതിന് പാർക്കിംങ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയിരുന്നത്. ഇത്തരത്തിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പൊടിപിടിച്ച സ്‌കൂട്ടർ കണ്ടത്.

തുടർന്ന്, ഈ വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും ലഭിച്ച ഉടമയുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് സ്‌കൂട്ടർ മോഷണം പോയതാണ് എന്ന വിവരം ലഭിച്ചത്. തുടർന്നു, സ്‌കൂട്ടർ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംങ് ഏരിയയിൽ ഇരിക്കുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥർ ഉടമയെ അറിയിച്ചു. ഈ വാഹനം തിരികെ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡിലെ പരിശോധന സമയത്ത് മിക്കവാറും വഴിമാറിയും മറ്റും പോകുന്നതിനാൽ പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം പരിശോധനയുടെ ഭാഗമായാണ് ഇപ്പോൾ വാഹനം കണ്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Hot Topics

Related Articles