ന്യൂഡല്‍ഹി: യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാര്‍ തത്കാലം രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം. യുക്രൈനിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. യുക്രൈനില്‍ വെടിയുതിര്‍ക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണിത്. നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളോട് താത്കാലികമായി യുക്രൈന്‍ വിടാനാണ് നിര്‍ദേശം.
യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ ആഹ്വാനം ചെയ്യുകയുമാണ്.യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍ സൗദി അറേബ്യ,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ലെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ സൈനികരുടെ തുടര്‍ച്ചയായ ബില്‍ഡ്-അപ്പ്, അവര്‍ നിലയുറപ്പിച്ച രീതി, അധിനിവേശത്തിന് തുടക്കമിട്ടേക്കാവുന്ന സൈനികാഭ്യാസങ്ങളുടെ തുടക്കം എന്നിവ റഷ്യ, ഉക്രൈനെ അക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടതിന്റെ സൂചനയാണെന്ന യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
ഏറ്റവും പുതിയ രഹസ്യാന്വേഷണ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് പുടിന്‍ ഉടന്‍ തന്നെ ഒരു അന്തിമ ‘ഗോ ഓര്‍ഡര്‍’ നല്‍കുമെന്ന ആശങ്കയുടെ പുറത്താണ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്. ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍ തുടങ്ങി നാറ്റോ സഖ്യമായ യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി ജോ ബൈഡന്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
യുദ്ധഭീതി രൂക്ഷമായതിനിടെ യുകെ, കാനഡ, നെതര്‍ലാന്‍ഡ്സ്, ലാത്വിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉക്രൈന്‍ വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. റഷ്യന്‍ സേന ഇപ്പോള്‍ ‘ ഒരു വലിയ സൈനിക നടപടി സ്വീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലാണെ’ന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു