ചങ്ങനാശേരി: വാകത്താനത്ത് വീട്ടിലെത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയെ കടന്നു പിടിച്ച വയോധികന് അഞ്ചു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും. പോക്സോ കേസിലാണ് വാകനത്താനം സ്വദേശിയായ എഴുപത്തിയെട്ടുകാരനെ ചങ്ങനാശേരി അഡീഷണൽ സെഷൻസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയിൽ വിജയനെ (78)യാണ് ചങ്ങനാശേരി അഡീഷണൽ സെൻഷസ് സ്പെഷ്യൽ കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ ശിക്ഷിച്ചത്.
2020 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അയൽവാസിയായിരുന്നു പ്രതി വിജയൻ. പെൺകുട്ടിയുടെ അച്ഛൻ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയായിരുന്നു. അച്ഛനൊപ്പം കുട്ടിയുടെ അമ്മയും ആശുപത്രിയിലാണ്. അച്ഛന്റെ കാര്യങ്ങൾ നോക്കുന്നതിനും മറ്റുമായാണ് അമ്മ ആശുപത്രിയിൽ നിൽക്കുന്നത്.
ആശുപത്രിയിൽ കിടക്കുന്ന അമ്മയെയും അച്ഛനെയും വിവരം തിരക്കുന്നതിനു വേണ്ടി പ്രതിയുടെ വീട്ടിലെത്തിയാണ് കുട്ടി ഫോൺ ചെയ്തിരുന്നത്. സംഭവ ദിവസം കുട്ടി വീട്ടിലെത്തുമ്പോൾ പ്രതിയായ വിജയൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടി വീട്ടിലെത്തിയതും വിജയൻ ഫോൺ നൽകാമെന്നു പറഞ്ഞ് വീടിനുള്ളിലേയ്ക്കു വിളിച്ചുകയറ്റി.
തുടർന്നു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഇയാൾ പിടി വിട്ടു. തുടർന്നു, കുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങി ഓടിരക്ഷപെട്ടു. തുടർന്നു പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയ ശേഷം വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്നു വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ കേസെടുക്കുകയായിരുന്നു. വാകത്താനത്തെ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.ടി ശ്രീവിദ്യയുടെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയായതിനെ തുടർന്നു വിജയനെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ.പി.എസ് മനോജ് കോടതിയിൽ ഹാജരായി.