ചെന്നൈ: ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി ക്യാമറ ആദ്യം കണ്ടെത്തുന്നത്. പിന്നാലെ വിവരം അധികൃതരെ അറിയിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവ ഡോക്ടർ പിടിയിലാകുന്നത്.
അന്വേഷണത്തിൽ ശുചിമുറിയിൽ ക്യാമറ വെച്ചത് ഡോക്ർ വെങ്കിടേഷ് ആണെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണ് വെങ്കിടേഷ്. 33 കാരനായ ഡോക്ടറിൽ നിന്നും ഒളിക്യാമറയും മെമ്മറി കാർഡും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഐടി ആക്ട്, ഭാരത് ന്യായ് സൻഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.