ആലപ്പുഴ : മരിയാപുരം മേരിമാതാ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോല്‍ഭവ തിരുനാളിന് കൊടിയേറി. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്തശേഷം ആദ്യമായി മരിയാപുരം മേരി മാതാ പള്ളിയില്‍ എത്തിയ മെത്രാപ്പോലീത്തയെ ദേവാലയ കവാടത്തില്‍ നടത്തു കൈക്കാരന് ഷാജി വാഴക്കൂട്ടത്തില്‍ പൊന്നാട അണിയിച്ചും കൈക്കാരന് ബാബു ഒറ്റാറക്കല്‍ കാടാത്ത് പൂച്ചെണ്ട് നല്‍കിയും സ്വീകരിച്ചു. വാദ്യമേളങ്ങളോടെയും വര്‍ണ്ണ ബലൂണുകളും മുത്തുക്കുടകളും കൈകളിലേന്തി നൂറുകണക്കിന് വിശ്വാസികള്‍ ദേവാലയ മുറ്റത്ത് അണിനിരന്നു. തുടര്‍ന്ന് നടത്തിയ വചനസന്ദേശത്തില്‍ ഒറ്റപ്പെടലിന്റെ നടുവിലും ദൈവത്തോട് ചേര്ന്നുനില്ക്കുന്നവര്ക്ക് സമാധാനം ഉണ്ടാകുമെന്നും ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ ദൈവസ്നേഹം ഇടയാക്കും എന്നും മെത്രാപ്പോലീത്താ പറഞ്ഞു.
തുടര്‍ന്ന് നടന്ന മധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, ഫാ. ജോര്‍ജിന് വെളിയത്ത്, ജനറല്‍ കണ്‍വീനര്‍ ജോസഫ് വര്‍ഗീസ് ഏഴരയില്‍, ജോയിന്റ് കണ്‍വീനേഴ്സായ ജാക്സണ് വലിയപറമ്പില്‍, വി.എ. വര്‍ഗീസ് വടക്കേറ്റം എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് (തിങ്കള്‍) മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 9 മണി വരെ ജപമാല, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുടുംബ നവീകരണ ധ്യാനം, ദീവ്യകാരുണ്യ ആരാധനയും നടക്കും.