തലയോലപ്പറമ്പ്: പ്രസിദ്ധമായ തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പകൽ പൂരം ഇന്ന്. പൂരത്തിനു മിഴിവേകാൻ ഗജവീരൻമാർ എത്തിയതോടെ ആനപ്രേമികൾ തലയോലപറമ്പിലെ പൂരമൈതാനിയിൽ എത്തിത്തുടങ്ങി. ഇന്ന് വൈകുന്നേരം 4.30 ഓടെ ക്ഷേത്രത്തിൻ്റെ തെക്കേ മൈതാനിയിൽ 15 ഗജ രാജൻമാർ ചമയങ്ങൾ അണിഞ്ഞ് പൂരത്തിന് അണിനിരക്കും. ഗുരുവായൂർ ഇന്ദ്രസെൻ തിരുപുരത്തപ്പൻ്റെ തിടമ്പേറ്റും.
ഗുരുവായൂർ വലിയ വിഷ്ണു. ഗുരുവായൂർ രവികൃഷ്ണൻ, ടി.ഡി.ബി.മണികണ്ഠൻ, ഈരാറ്റുപേട്ട അയ്യപ്പൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, ഊട്ടോളി മഹാദേവൻ, വടക്കും നാഥൻ ഗണപതി, കുറുവട്ടൂർ ഗണേശ്, ബാസ്റ്റ്യൻ വിനയസുന്ദർ, കുളമാക്കിൽ ഗണേശൻ, മാറാടി അയ്യപ്പൻ, ഉണ്ണിപ്പിള്ളി ഗണേശൻ, ആയയിൽ ഗൗരി നന്ദൻ, തോട്ടക്കാട് വിനായകൻ എന്നീ ആനകൾ അകമ്പടിയേകും. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവർ ദീപപ്രകാശനം നടത്തും. പെരുവനം സതീശൻ മാരാരുടെ പ്രമാണിത്വത്തിൽ 100ൽ പ്പരം വാദ്യ കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളം, കുടമാറ്റം, മയിലാട്ടം, എന്നിവ മിഴിവേകും . കോടതി വിധിപ്രകാരം ആനകളെ നിശ്ചിത അകലം പാലിച്ചു നിർത്തുന്നതിന് ആവശ്യമായ ക്രമീകരണം ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്.