കോട്ടയം : നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടയം കോടിമത മുപ്പായിക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജനറൽ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വളപ്പിൽ നിന്ന് എടുത്ത മണ്ണ് റോഡ് നിർമ്മാണത്തിനായി ഇവിടെ എത്തിച്ചു തുടങ്ങി.എംസി റോഡിൽ നിന്നും മുപ്പായിക്കാടിനുള്ള വഴി ആരംഭിക്കുന്ന ഭാഗത്ത് നിന്നാണ് നിർമ്മാണം ആരംഭിക്കുക.. എട്ടു മീറ്റർ വീതിയിൽ എംസി റോഡിന്റെ നിരപ്പിൽ മണ്ണിട്ട് ഉയർത്തും. ഇത് പൂർത്തിയായാൽ ഉടൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ഇരുവശങ്ങളിലും സംരക്ഷണഭിത്തിയും നിർമ്മിക്കും. ജില്ല ജനറൽ ആശുപത്രിയിൽ നിന്നും കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് മുപ്പായിക്കാട് റോഡ് പുനരുദ്ധാരണത്തിന് ഉപയോഗിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആവശ്യം ജില്ലാ വികസന സമിതിയും ജില്ലാ ഭരണകൂടവും അംഗീകരിച്ചതോടെയാണ് കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത വിധം തകർന്നുകിടന്ന് മുപ്പായിക്കാട് റോഡിന് ശാപമോക്ഷമാകുന്നത്.റോഡ് നിർമ്മാണത്തിനായി മണ്ണിടൽ ആരംഭിച്ചതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യും മറ്റ് ജനപ്രതികളും പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു.