പത്തനംതിട്ട : ജില്ലയില്‍ ഇന്നും (12) നാളയും അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാമേഖലകളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി. അവശ്യസ്ഥലങ്ങളില്‍ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റിപാര്‍പ്പിക്കണം.
കോന്നി, റാന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകള്‍ സജ്ജീകരിച്ചു, ഇവിടേക്ക് ആളുകളെ മാറ്റുന്നതിന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം.
ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവ നിരോധിച്ചു. ലംഘിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി, കയാക്കിങ്, ബോട്ടിംഗ് ട്രെക്കിംഗ് എന്നിവയും നിരോധിച്ചു. 18 വരെയാണ് നിരോധനം പ്രാബല്യത്തിലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തീര്‍ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. പമ്പ ത്രിവേണിയില്‍ തീര്‍ഥാടകര്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിക്കുന്നത് സംബന്ധിച്ച് സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിന് ശബരിമല എഡിഎം മിനെ ചുമതലപ്പെടുത്തി.
ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര ജാഗ്രതയോടെ വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കെ മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്‍മുള നിവാസികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
- ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.
- സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
- ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
- സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
- മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
- ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം.
- വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
- റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂതദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
- ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. - വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ അറിയിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്നും ദുരന്തനിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷന്‍ അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടേണ്ട ഉദ്യോഗസ്ഥരെല്ലാം അവധികൂടാതെ ഡ്യൂട്ടിയില്‍ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.