ശബരിമല :
സന്നിധാനത്തിന് സമീപം കൊപ്ര കളത്തിൽ കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി. അഗ്നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷൽ ഓഫീസറുമായ കെ ആർ അഭിലാഷ് നേതൃത്വം നൽകി.
എഡിഎം അരുൺ എസ് നായർ, പോലീസ് സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു. പുകഞ്ഞു കത്തി തുടങ്ങുന്നതിന് മുൻപ് തന്നെ അണയ്ക്കാൻ സാധിച്ചതായി എഡിഎം പറഞ്ഞു. “രണ്ട് ദിവസം നല്ല മഴയായതിനാൽ കൊപ്ര കരാർ എടുത്തവർ ഷെഡ്ഡിൽ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് പുക ഉയർന്നത്,” എഡിഎം പറഞ്ഞു. അളവിൽ കൂടുതൽ കൊപ്ര സൂക്ഷിക്കരുതെന്ന് അദ്ദേഹം കരാറുകാർക്ക് നിർദേശം നൽകി.